Crime

പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്ന തിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് വെടിയേറ്റു

ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പത്രപ്രവര്‍ത്തകന് പോലീസിന്റെ വെടിയേറ്റു. യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന ഇമിഗ്രേഷന്‍ റെയ്ഡ് പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ ഒരു ഓസ്ട്രേലിയന്‍ പത്രപ്രവര്‍ത്തകന്‍ സംഭവത്തിന് ശേഷം പങ്കിട്ട സന്ദേശം വൈറലാകുകയും ചെയ്തു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇമിഗ്രേഷന്‍ അടിച്ചമര്‍ത്തലിനെതിരെ പ്രതിഷേധിക്കാന്‍ പ്രകടനക്കാര്‍ ഒത്തുകൂടിയ ലോസ് ഏഞ്ചല്‍സിലെ ഡൗണ്ടൗണിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിന് പുറത്ത് തടിച്ചുകൂടിയ ജനത്തിന് നടുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് നൈന്‍ ന്യൂസിന്റെ യുഎസ് ലേഖകനായ ലോറന്‍ തോമാസിക്കും പോലീസിന്റെ റബ്ബര്‍ബുള്ളറ്റ് ഏറ്റത്.

ലോസ് ഏഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റും (എല്‍എപിഡി) നാഷണല്‍ ഗാര്‍ഡ് സേനയും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടുമ്പോഴായിരുന്നു ലൈവും നടന്നത്. സംഭവസ്ഥലത്ത് നിന്ന് തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ, വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കത്തെക്കുറിച്ച് തോമാസി വിവരിച്ചു: ”മണിക്കൂറുകള്‍ക്ക് ശേഷം, സ്ഥിതി ഇപ്പോള്‍ അതിവേഗം വഷളായിരിക്കുന്നു,’ അവര്‍ പറഞ്ഞു. ‘എല്‍എപിഡി കുതിരപ്പുറത്ത് നീങ്ങുന്നു, പ്രതിഷേധക്കാര്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റുകള്‍ പ്രയോഗിക്കുന്നു.” സെക്കന്റുകള്‍ക്ക് ഇടയില്‍ റിപ്പോര്‍ട്ടറിനും വെടിയേറ്റു.

ഒരു ഉദ്യോഗസ്ഥന്‍ തോമാസിയെയും അവളുടെ ക്യാമറ ഓപ്പറേറ്ററെയും നേരിട്ട് ലക്ഷ്യമിടുന്നതായി ഫൂട്ടേജുകള്‍ കാണിച്ചു. പിന്നീട് എക്സിലെ ഒരു പോസ്റ്റില്‍ തോമാസി സംഭവത്തെക്കുറിച്ചെഴുതി. ‘ നിങ്ങളുടെ എല്ലാ സന്ദേശങ്ങള്‍ക്കും നന്ദി. എനിക്ക് അല്‍പ്പം വേദനയുണ്ട്, പക്ഷേ ഞങ്ങള്‍ വാര്‍​ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടേയിരിക്കും,’ അവള്‍ എഴുതി.