പ്രശസ്ത സെക്സ് എഡ്യൂക്കേറ്ററും കണ്ടന്റ് ക്രിയേറ്ററുമായ സീമ ആനന്ദ്, മാധ്യമപ്രവർത്തകൻ ശുഭാങ്കർ മിശ്രയുമായി ലൈംഗികതയെക്കുറിച്ച് നടത്തിയ സംഭാഷണം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ‘അണ്‍പ്ലഗ്ഡ് ശുഭാങ്കർ’ എന്ന ആ പോഡ്‌കാസ്റ്റില്‍ ലൈംഗികതയെക്കുറിച്ചുള്ള അനേകം കാര്യങ്ങള്‍ ഇവർ പരാമർശിച്ചെങ്കിലും, അതിലെ ഒരു പ്രത്യേക ഭാഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്കും ചർച്ചകള്‍ക്കും വഴിതെളിച്ചിരിക്കുകയാണ്.
അഭിമുഖത്തിനിടെ, പ്രായം കുറഞ്ഞ ആണ്‍കുട്ടികള്‍ക്ക് മുതിർന്ന സ്ത്രീകളോട് ആകർഷണം തോന്നുന്നത് എന്തുകൊണ്ടാണെന്ന് ശുഭാങ്കർ മിശ്ര ചോദിച്ചു. പ്രായം കുറഞ്ഞ ആണ്‍കുട്ടികളില്‍ നിന്ന് അത്തരത്തിലുള്ള അനുഭവങ്ങള്‍ എപ്പോഴെങ്കിലും നേരിട്ടിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. കഴിഞ്ഞ വർഷം നടന്ന ഒരു സംഭവത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് സീമ ഇതിന് മറുപടി നല്‍കി. തന്നെ സമീപിച്ച ആ ആണ്‍കുട്ടിക്ക് അന്ന് വെറും 15 വയസ്സായിരുന്നു പ്രായമെന്നും തനിക്ക് അന്ന് 63 വയസ്സായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ഏറ്റവും അശ്ലീലമായ ഭാഷയുമായിട്ടാണ് ആ കുട്ടി തന്നെ സമീപിച്ചത് എന്നും അവർ പറയുന്നു.
ഈ വീഡിയോ ക്ലിപ്പ് ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ, വ്യത്യസ്തമായ പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്. വീഡിയോയില്‍ സീമ ആനന്ദ് പങ്കുവെക്കുന്നത് ശരിയായ ലൈംഗിക വിദ്യാഭ്യാസം അല്ലെന്നും നിരവധിപേർ വിമർശിച്ചു. ഒരു പ്രമുഖ പ്ലാറ്റ്‌ഫോമില്‍, പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇത്ര ലാഘവത്തോടെ സീമ ആനന്ദ് സംസാരിക്കാൻ പാടില്ലായിരുന്നു എന്നും ആളുകള്‍ ചൂണ്ടികാട്ടി. ഇത്തരം ചർച്ചകളെ വെറും വൈറല്‍ കണ്ടന്റായിട്ടല്ല, മറിച്ച് സമൂഹത്തിനുള്ള ഒരു മുന്നറിയിപ്പായി വേണം കണക്കിലെടുക്കാൻ എന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.
ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രശസ്ത മിത്തോളജിസ്റ്റും കഥാകാരിയുമാണ് സീമ ആനന്ദ്. ‘ദി ആർട്സ് ഓഫ് സെഡക്ഷൻ’ (The Arts of Seduction) എന്ന ശ്രദ്ധേയമായ പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ഇവർ. ഇൻസ്റ്റാഗ്രാമില്‍ പത്തു ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് സീമ ആനന്ദിന്.




