Healthy Food

മലയാളികള്‍ക്ക് ഒഴിവാക്കാനാവില്ല അരിയാഹാരം ; ഏത് അരിയാണ് നല്ലത്?

ഏതൊരു മലയാളിയുടെയും വികാരമായിരിക്കും ചോറ്. ഒരു നേരമെങ്കിലും ചോറ് ഉണ്ടില്ലെങ്കില്‍ നമ്മള്‍ക്ക് എന്തോ ഒരു ബുദ്ധിമുട്ട് തോന്നാറുമുണ്ട്. മലയാളികള്‍ മാത്രമല്ല ഭാരതീയ ഭക്ഷണ ക്രമത്തില്‍ ചോറിനും ഗോതമ്പിനും വലിയ സ്ഥാനമാണുള്ളത്. ചോറ് മാത്രമല്ല ഇഡ്ഡലി, ദോശ, ഇടിയപ്പം, പാലപ്പം, അപ്പം, പുട്ട്, ബിരിയാണി, നെയ്ച്ചോറ്, ഫ്രൈഡ് റൈസ് തുടങ്ങി എണ്ണിയാല്‍ തീരാത്ത അരി വിഭവങ്ങളുണ്ട് മലയാളിയുടെ ഭക്ഷണപട്ടികയില്‍.

അതേ സമയം പ്രമേഹം പോലുള്ള പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ചോറ് ഒരു നല്ല ചോയിസല്ല. അതിനാല്‍ തന്നെ പ്രമേഹ രോഗികളോട് ചോറ് നിയന്ത്രിക്കാനോ ചോറ് ഉപേക്ഷിച്ച് ഗോതമ്പ് ഭക്ഷണം കഴിക്കാനോ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ചോറ് ഒറ്റ അടിക്ക് നമ്മളുടെ ഭക്ഷണത്തില്‍ നിന്ന് എടുത്ത് കളയാനായി സാധിക്കുമോ?

ദിവസവും ഒന്നില്‍ അധികം തവണ പറ്റിയാല്‍ മൂന്നുനേരവും അരിയാഹാരം കഴിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. അതിനാല്‍തന്നെ പെട്ടെന്ന് അത് ഒഴിവാക്കുകയെന്നത് വളരെ പാടാണ്. അരിയാഹാരം പൂര്‍ണമായും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാനും സാധിക്കില്ല. സന്തുലിതമായ ഭക്ഷണക്രമത്തിന് ഭക്ഷണത്തില്‍ ചോറ് ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. കാരണം ശരീരത്തിന് ആവശ്യമായ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നത് ചോറിലാണ്. എന്നാല്‍ എത്രത്തോളം കഴിക്കുന്നു , ഏത് തരത്തിലുള്ള അരിയാണ് കഴിക്കുന്നതെന്നൊക്കെ ശ്രദ്ധിക്കണം

.ഭാരം കുറയ്ക്കാനായി ആഗ്രഹിക്കുന്നവര്‍ ദിവസം ഒരു തവണയില്‍ കൂടുതല്‍ അരിയാഹാരം കഴിക്കുന്നത് ഒഴിവാക്കണം. ഭാരം കുറയ്ക്കാനായി ആഗ്രഹിക്കുന്നവരും പ്രമേഹത്തിന്റെ പ്രശ്നമുള്ളവരും ഗോതമ്പ്, ക്വിനോവ, മില്ലറ്റ് എന്നീ ഭക്ഷണത്തിലേക്ക് മാറുന്നത് നല്ലതായിരിക്കും. വെളുത്ത അരിയ്ക്ക് പകരം തവിടുള്ള അരി കഴിക്കാം. ചോറിനോടൊപ്പം അവശ്യത്തിന് പച്ചക്കറികളും പ്രോട്ടീനുകളും കൂടി ഉള്‍പ്പെടുത്തുന്നവരാണെങ്കില്‍ ഒന്നിലധികം തവണ ചോറ് കഴിക്കാം. ചുവന്ന അരിയില്‍ ഫൈബറും വൈറ്റമിനുകളും മിനറല്‍സും അടങ്ങിയിട്ടുണ്ട്.

കുത്തരി , ചാക്കരി, പുഴുക്കലരി എന്നിങ്ങനെ പല തരത്തിലുള്ള അരികളുണ്ട്. എന്നാല്‍ ഉണക്കലരിയാണ് കൂടുതല്‍ നല്ലത്. വെയിലത്ത് ഉണക്കുന്ന പ്രക്രിയ മാത്രമേ അതിനുള്ളു. പച്ചരിയും ആ ഒരു പ്രക്രിയയില്‍ കൂടി വരുന്നതാണ്. പച്ചരിയും അതിനാല്‍ ഉപയോഗിക്കാം. ശരിയായി അരി സൂക്ഷിച്ചില്ലെങ്കില്‍ അരിയില്‍ പൂപ്പല്‍, പ്രാണികള്‍ തുടങ്ങിയവ കയറും.

Leave a Reply

Your email address will not be published. Required fields are marked *