എട്ടുവര്‍ഷം മുമ്പ് സംസ്‌ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലക്കേസിനുശേഷമാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍’ എന്ന വാക്ക് സാധാരണക്കാര്‍ വരെ കേട്ടിട്ടുണ്ടാവുക. നാലുപേരെ കൊന്നുതള്ളിയ ക്രൂരതയ്ക്ക് കാരണമായി പ്രതി കേഡല്‍ ജീന്‍സണ്‍ രാജ നല്‍കി മൊഴിയായിരുന്നു ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’.
ശരീരത്തില്‍നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ‘ആസ്ട്രല്‍ പ്രൊജക്ഷന്റെ’ ഭാഗമായിട്ടാണ് നാലുപേരെയും കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്റെ പിടിയിലായപ്പോള്‍ കേഡലിന്റെ മൊഴി. കേഡലിന്റെ മൊബൈല്‍ ഫോണില്‍ സാത്താന്‍സേവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. കുടുംബാംഗങ്ങളെ കൊലപ്പെടുത്തുന്നതിന് മുമ്പ് സ്വന്തമായി നിര്‍മിച്ച മനുഷ്യരൂപത്തില്‍ കേഡല്‍ മഴു ഉപയോഗിച്ച് വെട്ടി പരിശീലിച്ചിരുന്നു
മഴു വാങ്ങിയത് ഓണ്‍ലൈനിലൂടെയാണെന്നും ആത്മാവിനെ ശരീരത്തില്‍നിന്നു വേര്‍പെടുത്തുന്ന ‘ആസ്‌ട്രല്‍ പ്രൊജക്ഷന്‍’ ചെയ്യുന്നതിനിടെയാണു കൊല നടത്തിയതെന്നുമായിരുന്നു പ്രതിയുടെ മൊഴി. മഴു ഉപയോഗിച്ച് കൊലപാതകം നടത്തിയ പ്രതി മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നെന്നു പോലീസ് കണ്ടെത്തി.
എന്നാല്‍, ഇത് വെറും പുകമറ മാത്രമാണെന്നും കുടുംബാംഗങ്ങളോടുള്ള വിദ്വേഷവും കുടുംബത്തില്‍ നേരിട്ട ഒറ്റപ്പെടലുമാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. കേഡലിന് മാനസികപ്രശ്‌നങ്ങളില്ലെന്നും പോലീസ് പറഞ്ഞിരുന്നു. നിരന്തരം അവഗണിക്കുകയും ശകാരിക്കുകയും ചെയ്‌ത പിതാവിനെ കൊലപ്പെടുത്താനാണ് പ്രതി ആദ്യം പദ്ധതിയിട്ടത്. അത് പിന്നീട് മറ്റ് കുടുംബാംഗങ്ങളുടെയും കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പോലീസ് കണ്ടെത്തല്‍.
സംഭവശേഷം ചെന്നൈയിലേക്കു പോയ കേഡല്‍ പിന്നീട് മടങ്ങിയെത്തിയപ്പോള്‍ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണു പിടിയിലായത്. പ്രതി മനോരോഗിയാണെന്ന വാദം മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കോടതി തള്ളി. കുടുംബാംഗങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്കു വധശിക്ഷ നല്‍കണമെന്നതാണു പ്രോസിക്യൂഷന്‍ വാദം.
2017 ഏപ്രില്‍ എട്ടിനാണ്‌ക്ലിഫ് ഹൗസിനു സമീപം, ബെയ്‌ന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സന്‍ രാജ കേസില്‍ അറസ്‌റ്റിലായി. ദമ്പതികളുടെയും മകളുടെയും മൃതദേഹങ്ങള്‍ മുകള്‍നിലയിലെ ശുചിമുറിയില്‍ കത്തിക്കരിഞ്ഞ നിലയിലും ലളിതയുടെ മൃതദേഹം താഴത്തെ നിലയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.