ഇന്ത്യയിലെ തേയിലയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, വിശാലമായ ബ്രിട്ടീഷ് സ്ഥാപിത തേയില തോട്ടങ്ങളുടെ ചിത്രങ്ങള്‍ മനസ്സില്‍ വരും. എന്നാല്‍, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ആസാമിലെ ഫലഭൂയിഷ്ഠമായ ഭൂമിയില്‍ തേയില കൃഷി തുടങ്ങുന്നതിന് വളരെ മുമ്പുതന്നെ, സിംഗ്‌ഫോസ് പോലുള്ള തദ്ദേശീയ ഗോത്രങ്ങള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ ചായ ഉപയോഗിച്ചിരുന്നു.
അവരുടെ പരമ്പരാഗത രീതികളും ചരിത്രവും ഇന്ത്യയിലെ തേയില സംസ്‌കാരം പൂര്‍ണ്ണമായും കൊളോണിയല്‍ ഇറക്കുമതിയാണെന്ന പൊതു വിശ്വാസത്തെ വെല്ലുവിളിക്കുന്നു. വടക്കുകിഴക്കന്‍ ഇന്ത്യ, മ്യാന്‍മര്‍, ചൈന എന്നിവയുടെ ചില ഭാഗങ്ങളില്‍ താമസിക്കുന്ന സിങ്‌ഫോ ഗോത്രം ചായയുടെ ഇലകള്‍ തവിട്ടുനിറമാകുന്നതുവരെ ചൂടാക്കി, ദിവസങ്ങളോളം വെയിലത്ത് ഉണക്കി, തീയില്‍ പുകയുന്നതിനായി മുളകുഴലുകളില്‍ മുറുകെ പാക്ക് ചെയ്യുന്ന ഒരു രീതി 12 ാം നൂറ്റാണ്ട് മുതലുള്ളതായി ചരിത്രം പറയുന്നു.
ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം, സംസ്‌കരിച്ച ചായ മുളയുടെ ആകൃതിയിലേക്ക് മാറുകയും അതിന് ഒരു പ്രത്യേക രുചി വരികയും ചെയ്യുന്നു. ‘ഫാലാപ്’ എന്നറിയപ്പെടുന്ന ഈ പരമ്പരാഗത ചായയ്ക്ക് സിംഗ്‌ഫോ സംസ്‌കാരത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. പ്രാദേശിക വാക്കനുസരിച്ച്, ‘എന്ത്’ എന്നര്‍ത്ഥം വരുന്ന ഫാ അല്ലെങ്കില്‍ ഖാ, ‘ഇല’ എന്നര്‍ത്ഥം വരുന്ന ലാപ് എന്നീ വാക്കുകളില്‍ നിന്നാണ് ഫലാപ് എന്ന പേര് ഉരുത്തിരിഞ്ഞതെന്നാണ് കരുതുന്നത്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ബ്രിട്ടീഷ് സാഹസികനായ റോബര്‍ട്ട് ബ്രൂസ്, സിംഗ്‌ഫോ മേധാവി ബെസ്സ ഗൗമില്‍ നിന്ന് അസമിലെ കാട്ടു തേയില ചെടികളെക്കുറിച്ച് പഠിച്ചു. 1820-കളുടെ തുടക്കത്തില്‍ നടന്ന ഈ കൂടിക്കാഴ്ചയ്ക്കുശേഷം ആസാം ചായയോടുള്ള ബ്രിട്ടീഷ് താല്‍പ്പര്യത്തിന്റെ തുടക്കമായി. പിന്നീട്, മറ്റൊരു സിങ്‌ഫോ തലവനായ നിഗ്രോ ലാ അസമിലെ ആദ്യത്തെ തേയിലത്തോട്ടത്തിന്റെ ചുമതല ഏറ്റെടുത്തു, അങ്ങനെ ബ്രിട്ടീഷുകാര്‍ക്ക് തദ്ദേശീയമായ ആ ചെടി പരിചിതമായി.
ഈ ഇടപെടലുകള്‍ തേയിലകൃഷി ഒരു കൊളോണിയല്‍ എന്റര്‍പ്രൈസ് ആയി മാറുന്നതിനുള്ള അടിത്തറ പാകി. വാണിജ്യ സാധ്യതകള്‍ തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍ താമസിയാതെ അസമില്‍ വലിയ തോതിലുള്ള കൃഷി ആരംഭിച്ചു. ഇന്ത്യയില്‍ തേയില കൃഷി ജനകീയമാക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും, ഈ പ്രദേശത്തെ യഥാര്‍ത്ഥ തേയില വിദഗ്ധരായ സിംഗ്‌ഫോസിനെപ്പോലുള്ള തദ്ദേശീയ ഗോത്രങ്ങളെ തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്.