Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഗോള്‍മഴ; ലീഗിലെ അഞ്ചു കളികളില്‍ നിന്നും അടിച്ചുകൂട്ടിയത് 58 ഗോളുകള്‍…!!

ലോകഹോക്കിയിലെ മുന്‍നിരക്കാരില്‍ പെടുന്നവരാണെങ്കിലും സമീപകാലത്ത് ഇന്ത്യന്‍ ടീം നടത്തുന്ന തരം പ്രകടനം ആരാധകരെ ഞെട്ടിക്കുകയാണ്. ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ അഞ്ചില്‍ അഞ്ചു മത്സരങ്ങളും ജയിച്ച ഇന്ത്യ വെറും ജയത്തിനപ്പുറത്ത് ഗോള്‍മഴ വര്‍ഷിച്ചുകൊണ്ടാണ് മുന്നേറിയത്. കരുത്തരും വമ്പന്മാരുമായ പാകിസ്താനെ വരെ ഇന്ത്യന്‍ ടീം ഗോള്‍മഴയില്‍ മുക്കിക്കളഞ്ഞു. പൂള്‍ എ യില്‍ മത്സരിക്കുന്ന ഇന്ത്യന്‍ ടീം അഞ്ചു കളികളില്‍ നിന്നും അടിച്ചുകൂട്ടിയത് 58 ഗോളുകളായിരുന്നു.

പൂളിലെ അവസാന മത്സരത്തിലും ഗോള്‍മഴ വര്‍ഷിച്ചുകൊണ്ടാണ് ഏഷ്യന്‍ ഗെയിംസിലെ മെന്‍സ് ഹോക്കിയില്‍ ഇന്ത്യന്‍ ടീം ലീഗ്ഘട്ടം പൂര്‍ത്തിയാക്കിയത്. അയല്‍ക്കാരായ ബംഗ്‌ളാദേശിനെതിരേ 12-0 ന്റെ വിജയമാണ് ആഘോഷിച്ചത്. ഈ വിജയത്തോടെ ഇന്ത്യ സെമിഫൈനലിലേക്ക് യോഗ്യത നേടി. ബംഗ്‌ളാദേശിനെതിരേയും ഗോള്‍മഴ വന്നതോടെ ജപ്പാനൊഴികെ ലീഗിലെ എല്ലാ മത്സരത്തിലും ഇന്ത്യ പത്തുഗോളോ അതിന് മുകളിലോ എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റി. കഴിഞ്ഞ തവണത്തെ ചാംപ്യന്മാരായ ജപ്പാനെതിരേ 4-2 നായിരുന്നു ജയം.

ആദ്യത്തെ കളിയില്‍ ഉസ്‌ബെക്കിസ്ഥാനെ 16-0ന് തോല്‍പ്പിച്ച ഇന്ത്യ തൊട്ടുപിന്നാലെ സിംഗപ്പൂരിനെതിരെ 16-1ന് ജയിച്ചു. അതിന് ശേഷം ജപ്പാനെതിരേ ഒന്നു ബ്രേക്കിട്ട ഇന്ത്യ പക്ഷേ അടുത്ത മത്സരത്തില്‍ വമ്പന്മാരായ പാകിസ്താനെ 10-2 നും തകര്‍ത്തുവിട്ടു. അഞ്ചു മത്സരങ്ങളില്‍ നിന്നും 58 ഗോളുകളാണ് അടിച്ചുകൂട്ടിയത്. അഞ്ചുഗോളുകള്‍ തിരിച്ചു വാങ്ങുകയും ചെയ്തു. മുന്‍ ചാംപ്യന്മാര്‍ ദക്ഷിണ കൊറിയയും ഗോള്‍ വര്‍ഷിച്ചാണ് പോകുന്നത്. പൂള്‍ ബിയില്‍ ചൈനയ്ക്ക പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള അവര്‍ ലീഗിലെ അഞ്ചു കളികളില്‍ 42 ഗോളുകള്‍ അടിച്ചുകൂട്ടി. പാകിസ്താനാണ് ഗോളുകളില്‍ മൂന്നാമത് 38 ഗോളുകള്‍ അവര്‍ നേടി. ജപ്പാനും മലേഷ്യയും 36 ഗോളുകള്‍ വീതം നേടിയപ്പോള്‍ ചൈന 24 ഗോളടിച്ചുകൂട്ടി.

ഗ്രൂപ്പ് ഘട്ടം പിന്നിടുമ്പോള്‍ അഞ്ച് ജയവും 15 പോയിന്റുമായി് ഇന്ത്യ പൂള്‍ എയില്‍ ഒന്നാമതായിട്ടാണ് സെമിയില്‍ എത്തിയത്. 50 ഗോളുകള്‍ വഴങ്ങിയ സിംഗപ്പൂരിനാണ് ഏറ്റവും പരിക്കേറ്റത്. 49 ഗോളുകള്‍ വഴങ്ങി ഉസ്‌ബെക്കിസ്ഥാന്‍ രണ്ടാമത് വന്നപ്പോള്‍ ഒമാനും തായ്‌ലന്റും 35 ഗോളുകള്‍ വീതം വഴങ്ങി. ബംഗ്‌ളാദേശ് 29 ഗോളുകളും പാകിസ്താന്‍ 17 ഗോളുകളും വഴങ്ങി. ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയതും ഇന്ത്യയാണ്.

മൂന്ന് തവണയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയിട്ടുള്ളത്. 1966, 1998, 2014 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ മൂന്ന് സ്വര്‍ണം നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം 1958, 1962, 1970, 1974, 1978, 1982, 1990, 1994, 2002 വര്‍ഷങ്ങളിലാണ് വെള്ളി മെഡലുകള്‍ നേടിയത്. ഇന്ത്യ യഥാക്രമം 1986, 2010, 2018 വര്‍ഷങ്ങളില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. എട്ടു തവണ സ്വര്‍ണ്ണം നേടിയ പാകിസ്താനാണ് ഏഷ്യന്‍ ഗെയിംസില്‍ ഹോക്കിയില്‍ ഏറ്റവുമധികം സ്വര്‍ണം നേടിയിട്ടുള്ളത്.