ഗുരുഗ്രാം: മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 19 കാരനായ യുവാവിനെ നാലുപേര്‍ ചേര്‍ന്നു കൊന്നു വഴിയില്‍ വലിച്ചെറിഞ്ഞു. നാല് പേരെ ഗുരുഗ്രാം പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറായ ഗുരുഗ്രാമിലെ ഭംഗ്രോല ഗ്രാമവാസിയായ ആശിഷ് ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് സ്വദേശികളായ റിങ്കു എന്ന ബ്രിജേഷ്, നഹ്നെ എന്ന ഉമേഷ്, അരവിന്ദര്‍ കുമാര്‍, മധ്യപ്രദേശില്‍ നിന്നുള്ള സിയാസരണ്‍ സാഹു എന്ന സിബ്ബു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ 22 ന് ഹര്‍സരു ഗ്രാമത്തിന് സമീപം ദ്വാരക എക്‌സ്പ്രസ് വേയുടെ ഗ്രീന്‍ ബെല്‍റ്റില്‍ നിറഞ്ഞ വെള്ളത്തില്‍ ഒരാളുടെ മൃതദേഹം കിടക്കുന്നതായി പോലീസിന് വിവരം കിട്ടുകയായിരുന്നു. പോലീസിന്റെ സീന്‍ ഓഫ് ക്രൈം, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, വിരലടയാള സംഘങ്ങള്‍ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തില്‍ മരണപ്പെട്ടത് ആശിഷ് ആണെന്ന് കണ്ടെത്തി. മരിച്ചയാളുടെ തലയില്‍ മുറിവേറ്റ പാടുകളും കഴുത്ത് മഫ്‌ളര്‍ ഉപയോഗിച്ച് മുറുക്കി ശ്വാസംമുട്ടിച്ച നിലയിലുമായിരുന്നു.
ആശിഷ് വാടകയ്ക്ക് ഓട്ടോറിക്ഷ ഓടിച്ചിരുന്നതായി മരിച്ചയാളുടെ പിതാവ് രേഖാമൂലം നല്‍കിയ പരാതിയില്‍ പറഞ്ഞു. പിതാവിന്റെ പരാതിയില്‍ ഗുരുഗ്രാമിലെ സെക്ടര്‍-10 പോലീസ് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുത്തു. വ്യാഴാഴ്ച ഗുരുഗ്രാമിലെ കങ്കറോള റോഡില്‍ നിന്ന് പ്രതികളെ പോലീസ് പിടികൂടി. പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി കങ്കറോലയില്‍ വാടകയ്ക്ക് താമസിച്ചിരുന്നതായി കണ്ടെത്തി. മരിച്ച ആശിഷുമായി ബ്രിജേഷിന് പരിചയമുണ്ടായിരുന്നു. ആശിഷ് പ്രതി ബ്രിജേഷിന്റെ മൊബൈല്‍ ഫോണ്‍ ബലമായി കൈക്കലാക്കിയിരുന്നു.
പിന്നീട്, ഡിസംബര്‍ 21, 22 തീയതികളില്‍, ബ്രിജേഷ് തന്റെ മറ്റ് കൂട്ടാളികളോടൊപ്പം ഭംഗ്രോല ഗ്രാമത്തില്‍ ആശിഷിനെ കാണാന്‍ ചെല്ലുകയും അവിടെ അവര്‍ ആശിഷുമായി വഴക്കുണ്ടാക്കുകയും ചെയ്തു. വാക്കേറ്റത്തിനും വഴക്കിനും ഒടുവില്‍ പ്രതികള്‍ ആശിഷിന്റെ തലയില്‍ ഇഷ്ടിക കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ഒരു ഓട്ടോറിക്ഷയില്‍ കയറ്റുകയും ചെയ്തു. അതിന് ശേഷം മഫ്‌ളര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ദ്വാരക എക്‌സ്പ്രസ്വേയുടെ ഗ്രീന്‍ ബെല്‍റ്റില്‍ മൃതദേഹം വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു.