ദിവസം മുഴുവനും ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനായി രാവിലെയുള്ള നടത്തം നമ്മളെ വളരെ അധികം സഹായിക്കും. ഇതിന് പല ആരോഗ്യ ഗുണങ്ങളുമുണ്ട്. ശരീരഭാരം നിയന്ത്രിക്കാനും ഹൃദയത്തിനെ ശക്തിപ്പെടുത്തുന്നതിനും ഉപാപചയരോഗങ്ങളില്‍ നിന്ന് രക്ഷനേടുന്നതിനായും നടത്തം നമ്മളെ സഹായിക്കുന്നുണ്ട്. എന്നാല്‍ നടക്കുന്നതിന് മുമ്പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
അധികം ആളുകളും നടക്കാനായി പോകുന്നതിന് മുമ്പായി നന്നായി വെള്ളം കുടിക്കാറില്ല. ദാഹം തോന്നാത്തത് കാരണമോ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ച് അറിയാത്തത് കൊണ്ടോ ആകാം ഇങ്ങനെ. എന്നാല്‍ വ്യായാമം ചെയ്യുന്നതിന് മുമ്പായി നന്നായി വെള്ളം കുടിക്കണം.
ശരീരതാപനില നിയന്ത്രിക്കാനും ജലാംശം നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കും. സന്ധികള്‍ക്ക് അയവ് വരുത്തുന്നതിനും പേശികളിലേക്ക് ഓക്‌സിജന്‍ എത്തിക്കാനും പോഷകങ്ങളെ വഹിക്കാനും ഇത് സഹായിക്കുന്നുണ്ട്. വെളളം കുടിച്ചില്ലെങ്കില്‍ നടക്കുമ്പോള്‍ ക്ഷീണം, വേദന തലക്കറക്കം എന്നിവ ഉണ്ടായേക്കാം.
നടക്കുന്നതിന് മുമ്പ് 200 മില്ലി വരെ വെള്ളം കുടിക്കണം. അധികം കൊഴുപ്പ് കത്തിക്കാനായി സഹായിക്കുമെന്നതിനാല്‍ കാര്‍ഡിയോ വെറും വയറ്റില്‍ ചെയ്യണമെന്നാണ് പലരും കരുതുന്നത്. എല്ലാര്‍ക്കും ഇത് പ്രയോജനപ്പെടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് കൊണ്ട് തന്നെ നടക്കുന്നതിനിടെ ക്ഷീണമോ തലക്കറക്കമോ വരാം.
രാവിലെ നടക്കാനിറങ്ങും മുമ്പായി വാംഅപ്പ് ചെയ്തില്ലെങ്കില്‍ അത് ശരീരത്തിന് പല ദോഷഫലങ്ങളും സൃഷ്ടിക്കും. ഉണര്‍ന്നെണിക്കുമ്പോള്‍ വാംഅപ്പ് ചെയ്തില്ലെങ്കില്‍ അത് മുട്ടുകളെയും ഇടിപ്പുകളെയും ബാധിക്കാം.
നടക്കാനായി പോകുമ്പോള്‍ കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കണം. നടക്കുന്നതിന് മുമ്പ് കഫീന്‍ ഉള്ളിലെത്തുന്നത് പാര്‍ശ്വഫലങ്ങളുണ്ടാക്കും. വേഗത്തില്‍ നിര്‍ജലീകരണം സംഭവിക്കാം. വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് അസിഡിറ്റി ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും. നടക്കാനായി ഇറങ്ങുന്നതിന് മുമ്പായി ബാത്ത്‌റൂമില്‍ പോകാത്തത് പല ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കും. മൂത്ര നാളത്തില്‍ അണുബാധയ്ക്ക് വരെ കാരണമാകാം.