Lifestyle

പാത്രം കഴുകുന്ന ഡിഷ് വാഷ് അലര്‍ജിയാണോ? പരിഹരിക്കാന്‍ വഴികളുണ്ട്

അടുകളയില്‍ പാത്രം കഴുകുന്നതിനായി പലതരത്തിലുള്ള ഡിഷ് വാഷ് സോപ്പുകള്‍ നമ്മള്‍ ഉപയോഗിക്കാറില്ലേ? ഇത് ഉപയോഗിക്കുന്നത് വളരെ സൗകര്യപ്രദമാണെങ്കിലും പരിസ്ഥിതിയിലും ആരോഗ്യത്തിലുമെല്ലാം പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. പല പരമ്പരാഗത ഡിഷ് വാഷിങ് സോപ്പുകളിലും സള്‍ഫേറ്റുകള്‍ ഫോസ്ഫേറ്റുകള്‍ , കൃത്രിമ സുഗന്ധങ്ങള്‍ പോലുള്ള സിന്തറ്റിക് രാസവസ്തുക്കള്‍ അടങ്ങിയട്ടുണ്ട്. ഇത് ഭക്ഷണത്തിനോടൊപ്പം ഉള്ളിലെത്തുമ്പോള്‍ ക്രമേണ അലര്‍ജി, ഹോര്‍മോണ്‍ തകരാറുകള്‍ പോലുള്ള പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

പല ഡിഷ് സോപ്പുകളിലും ആല്‍ക്കഹോളുകളും സള്‍ഫേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ഈര്‍പ്പം വരണ്ടതാക്കുന്നു, സോപ്പിലെ ചായങ്ങള്‍ പ്രിസര്‍വേറ്റീവുകള്‍ എന്നിവ പല തരത്തിലുള്ള അലര്‍ജികള്‍ക്കും വഴിവെക്കും. ഇത് തടയാനായി ഹൈപ്പോഅലോര്‍ജെനിക് ഡിഷ് സോപ്പുകള്‍ തിരഞ്ഞെടുക്കാം. പാത്രങ്ങള്‍ കഴുക്കുമ്പോള്‍ കയ്യുറകളും ധരിക്കാം. ഡിഷ് വാഷ് സോപ്പുകള്‍ പാത്രങ്ങളിലെ നോണ്‍സ്റ്റിക് കോട്ടിംഗുകളെ നശിപ്പിക്കും. കാലങ്ങള്‍ കഴിയുമ്പോള്‍ ദോഷകരമായ വിഷ പദാര്‍ത്ഥങ്ങള്‍ പുറത്തുവിടുകയും ചെയ്യും. തടി കൊണ്ടുള്ള കയിലുകളും സ്പൂണുകളും ഈ സോപ്പ് ആഗിരണം ചെയ്യും. ഇത് ഭക്ഷണത്തിലൂടെ മനുഷ്യശരീരത്തിലെത്തും.

പലപ്പോഴും ആന്റി ബാക്ടീരിയല്‍ സോപ്പുകളില്‍ കാണപ്പെടുന്ന ട്രൈക്ലോസന്‍, ട്രൈക്ലോകാര്‍ബണ്‍ തുടങ്ങിയ രാസവസ്തുക്കള്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും നിരന്തരമായി ഉപയോഗിക്കുമ്പോള്‍ ആന്റിബയോട്ടിക് പ്രതിരോധത്തിന് കാരണമാവുകയും ചെയ്യും.

ഉപയോഗിച്ച പാത്രങ്ങള്‍ ഡിഷ് സോപ്പുകള്‍ ഉപയോഗിച്ച് കഴുകണമെന്നില്ല. പ്രകൃതിദത്ത ഡിഷ് വാഷുകള്‍ ഉണ്ടാക്കാം. ബേക്കിങ് സോഡ ഒരു പവര്‍ഹൗസ് ക്ലീനറാണ് . നനഞ്ഞ സ്പോഞ്ചിലോ നേരിട്ട് പാത്രത്തിലോ ബേക്കിംഗ് സോഡ വിതറുക ഇത് മൃദുവായി സ്‌ക്രബ് ചെയ്യുക. ഈ മാര്‍ഗ്ഗം ഉപയോഗിച്ച് ബേബി ബോട്ടിലുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ തവികള്‍ എന്നിവ വൃത്തിയാക്കാം.

പാത്രത്തിലെ എണ്ണമയം , അഴുക്ക് , ദുര്‍ഗന്ധം എന്നിവ നീക്കം ചെയ്യാനായി വിനാഗിരി നല്ലതാണ്. ഗ്ലാസ് പ്ലാസ്റ്റിക് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഇനങ്ങള്‍ക്ക് ഇത് ഉപയോഗപ്രദമാണ്. ഒരു സ്പ്രേ കുപ്പിയില്‍ വെളുത്ത വിനാഗിരി നിറച്ച് പാത്രങ്ങളില്‍ തളിക്കാം. കുറച്ച് സമയത്തിന് ശേഷം കഴുകി കളയാം. ഒരു വലിയ പാത്രത്തില്‍ വിനാഗിരിയും ചൂടുവെള്ളവും നിറയ്ക്കുക. ഇതില്‍ പാത്രങ്ങള്‍ 15 മിനിറ്റ് മുക്കിവെയ്ക്കുക. പിന്നീട് സ്പോഞ്ച് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യാവുന്നതാണ്.

നാരങ്ങയ്ക്കും പാത്രങ്ങള്‍ വൃത്തിയാക്കാനായി കഴിയും. നാരങ്ങ പകുതി മുറിച്ച് ആ ഭാഗത്ത് ഉപ്പ് വിതറി പിന്നീട് പാത്രത്തില്‍ സ്‌ക്രബ് ചെയ്യുക. ഇതൊന്നും അല്ലെങ്കില്‍ പണ്ട് വീടുകളില്‍ ചെയ്യുന്നത് പോലെ ചാരം ഉപയോഗിച്ചും പാത്രങ്ങള്‍ വൃത്തിയാക്കാം.