Health

ദീര്‍ഘനേരം കാറിൽ സഞ്ചരിക്കാറുണ്ടോ? സൂക്ഷിക്കുക, കാര്‍ നിങ്ങളെ അര്‍ബുദരോഗിയാക്കാം

കാറിനുള്ളിലെ വായുവിന്റെ നിലവാരം ഒരാളെ അര്‍ബുദരോഗത്തിലേക്ക് നയിച്ചേക്കാമെന്ന് വാഷിങ്ടണിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലിലേക്ക് നയിച്ചത് ഓര്‍ഗനോഫോസ്ഫേറ്റ് എസ്റ്ററുകള്‍ എന്ന് ഒരു കൂട്ടം രാസവസ്തുക്കളെ കുറിച്ച് നടത്തിയ പഠനമാണ്. 101 തരം ഇലക്ട്രിക്, ഗ്യാസ് , ഹൈബ്രിഡ് മോഡല്‍ കാറുകളിലാണ് പഠനം നടത്തിയത്.

ഒപി ഇകള്‍ വാഹനത്തി​ന്റെ സീറ്റ് കുഷ്യനുകളും പാഡിങ്ങും തീപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ്. ഒപിഇകളില്‍ ഒന്നായ ട്രിസില്‍ (1-ക്ലോറോ-2-പ്രൊപൈല്‍) ഫോസ്‌ഫേറ്റിന്റെ അംശം (ടിസിഐപിപി) കണ്ടെത്തി. അതും പരിശോധിച്ച 99ശതമാനം വാഹനങ്ങളിലും. അര്‍ബുദകാരണമാകാമെന്നതിന്റെ പേരില്‍ യുഎസ് നാഷണല്‍ ടോക്‌സിക്കോളജി പ്രോഗ്രാമിന്റെ അന്വേഷണപരിധിയില്‍ ഉള്‍പ്പെട്ട രാസവസ്തുവാണ് ടിസി ഐ പിപി.

ഇതിന് പുറമേ പല കാറുകളിലും ടിഡിസി ഐ പിപി, ടിസിഇപി എന്നീ അര്‍ബുദകാരകങ്ങളായ രാസവസ്തുക്കള്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കൂടുതല്‍ സമയം ഇത് ശ്വസിക്കുന്നതിലൂടെ ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിക്കുമെന്ന് ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ പാഖീ അഗര്‍വാള്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു . അതായത് ദീര്‍ഘനേരം വാഹനത്തില്‍ ചെലവഴിക്കുന്നവര്‍ക്കും കുട്ടികള്‍ക്കും വാഹനത്തിലെ ഈ രാസവസ്‌തുക്കള്‍ മാരകമായേക്കാം.

വേനല്‍ ചൂട് കൂടുമ്പോള്‍ ഈ രാസവസ്തുക്കള്‍ കാറിന്റെ ഉള്ളില്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. ഇതിന്റെ പ്രഭാവം കുറയ്ക്കാനായി കാറിന്റെ ഗ്ലാസുകള്‍ തുറന്ന് വായു ഉള്ളിലേക്ക് വരാന്‍ അനുവദിക്കുന്നതും വാഹനങ്ങള്‍ തണലില്‍ പാര്‍ക്ക് ചെയ്യുന്നതും സഹായകമാണ്. എണ്‍വയോണ്‍മെന്റല്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി ജേണലിലാണ്‌ ഈ പഠനം പ്രസിദ്ധീകരിച്ചത്‌.