Health

വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് അപകടകരമോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വിറ്റാമിന്‍ ഡി ശരീരത്തിന് ആവശ്യമാണ് എന്നാല്‍ ആവശ്യത്തിലധികമായി അത് ശരീരത്തില്‍ എത്തിയാല്‍ അപകടകരവുമാണ്. നിരവധി വ്യക്തികള്‍ വിറ്റമിന്‍ ഡിയുടെ അപര്യാപ്തത അനുഭവിക്കുന്നുണ്ട്. എന്നാല്‍ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കാതെ സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് അപകടകരമാണ്.

മനുഷ്യശരീരത്തില്‍ ഒരു ദിവസംവേണ്ട വിറ്റാമിന്‍ ഡിയുടെ അളവ് 10 മൈക്രോഗ്രാം ആണ്. മാനസികാരോഗ്യം ശരിയായി നിലനിര്‍ത്തുന്നതു മുതല്‍ ശരീരത്തിലെ കാല്‍സ്യം ആഗിരണം ചെയ്യുന്നതിനും സ്വാംശീകരിക്കുന്നതിനുംവരെ വിറ്റാമിന്‍ ഡി ആവശ്യമാണ്. ആവശ്യത്തിന് സൂര്യപ്രകാശം ചര്‍മത്തില്‍ ഏല്‍ക്കാത്തതാണ് വിറ്റാമിന്‍ ഡിയുടെ അഭാവത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ ആവശ്യത്തിലധികം വിറ്റാമിന്‍ ഡി ശരീരത്തിലെത്തിയാലും അപകടകരമായ പാര്‍ശ്വഫലങ്ങളുണ്ടാകാം.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം, കാല്‍സ്യം, ഫോസ്ഫറസ് ആഗിരണം, രോഗപ്രതിരോധം, ഒസ്റ്റിയോപൊറോസിസ് തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് വിറ്റാമിന്‍ ഡി അനിവാര്യമാണ്. വിറ്റമിന്‍ ഡിയുടെ അഭാവം പല രോഗങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ സൂര്യപ്രകാശത്തിലൂടെയും ഭക്ഷണസ്രോതസുകളിലൂടെയും സപ്ലിമെന്റുകളിലൂടെയും ആവശ്യത്തിന് ഡി വിറ്റാമിന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

എന്നാല്‍ അധികമായി സപ്ലിമെന്റുകള്‍ കഴിക്കുന്നതിലൂടെ ഹൈപ്പര്‍ വൈറ്റാമിനോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. വിറ്റാമിന്‍ ഡിയുടെ ലക്ഷണങ്ങള്‍ രോഗാവസ്ഥയ്ക്കനുസരിച്ച് വ്യത്യാസപ്പെടാം. ആദ്യഘട്ടങ്ങളില്‍ ഓക്കാനം, ഛര്‍ദി, വിശപ്പില്ലായ്മ, മലബന്ധം, ക്ഷീണം, ശരീരഭാരം കുറയുക എന്നിവയാകും പ്രത്യക്ഷപ്പെടുക. വിറ്റാമിന്‍ഡിയുടെ അളവ് കൂടുമ്പോള്‍ രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് വര്‍ധിച്ച് ഹൈപ്പര്‍കാല്‍സീമിയ എന്ന അവസ്ഥ ഉണ്ടാകുന്നു. ഇതാകട്ടെ ആശയക്കുഴപ്പം, അമിതമായ ദാഹം, മൂത്രശങ്ക, വൃക്കയ്ക്ക് ക്ഷതം തുടങ്ങിയവ ഉണ്ടാക്കും.
ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് അധികമാണന്നു കണ്ടെത്തിയാല്‍ സപ്ലിമെന്റുകളും ഡി വിറ്റാമിന്‍ കൂടുതലടങ്ങിയ ആഹാരങ്ങളും ഒഴിവാക്കുക. കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുക വഴി കാല്‍സ്യം പുറംതള്ളാനാകും.