Health

സന്തോഷിക്കാന്‍ പേടി? ദുഃഖവാര്‍ത്ത കേള്‍ക്കേണ്ടിവരുമെന്ന ഭയം; എന്താണ് ചെറോഫോബിയ ?

ജീവിതത്തില്‍ സന്തോഷമാഗ്രഹിക്കുന്നവരാണ് നമ്മള്‍ . എന്നാല്‍ ജീവിതത്തില്‍ സന്തോഷിക്കാന്‍ പേടിക്കുന്നവരെ കുറിച്ച് നിങ്ങള്‍ക്കറിയാമോ? ഒരുപാട് സന്തോഷിക്കുന്ന നിമിഷങ്ങളില്‍ ഈ ചിരിക്കുന്നത് ചിലപ്പോള്‍ നാളെ കരയാന്‍ വേണ്ടിയായിരിക്കുമെന്നും ചിലരെങ്കിലും പറയുന്നത് കേട്ടിട്ടില്ലേ . അതിന് പിന്നിലായി ഒരു വലിയ മനശാസ്ത്രമുണ്ട്. ഇത്തരക്കാര്‍ ചെറോഫോബിയ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരാണ് .

സന്തോഷത്തോടുള്ള ഭയത്തിനെയാണ് ചെറോഫോബിയ എന്ന് പറയുന്നത്. ഇങ്ങനെയുള്ളവര്‍ സന്തോഷത്തിനെ സംശയത്തോടെയാണ് നോക്കികാണുന്നത്. സന്തോഷമുണ്ടായാല്‍ പെട്ടെന്ന് ഒരു ദുരന്തം തങ്ങളെ കാത്തിരിപ്പുണ്ടെന്ന അനാവശ്യ ഭയവും ഉത്കണ്ഠയുമായിരിക്കും ഇത്തരക്കാര്‍ക്കുള്ളത്.
മുന്‍ കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരിക്കാം ഈ പേടി. ചെറോഫോബിയ എന്ന വാക്ക് തന്നെ ചെയ്റോയിന്‍ എന്ന ഗ്രീക്ക് വാക്കില്‍ നിന്ന് ഉത്ഭവിച്ചതാണ്.

സന്തോഷമുള്ള സന്ദര്‍ഭങ്ങളില്‍ സന്തോഷിച്ചില്ലോയെന്നോര്‍ത്ത് പശ്ചാത്തപ്പിക്കുക, തനിക്ക് സന്തോഷം അര്‍ഹതയില്ലെന്ന് ചിന്തിക്കുക, താന്‍ സന്തോഷിക്കുന്നത് കാരണം ഒരു വലിയ ആപത്ത് കാത്തിരിക്കുന്നുവെന്ന ഉത്കണ്ഠ, പോസിറ്റീവായ വികാരം പ്രകടിപ്പിച്ചാല്‍ അടിത്ത നിമിഷം സങ്കടം വരുമെന്ന തോന്നല്‍, സന്തോഷിക്കാനിടയുള്ള സാഹചര്യത്തില്‍ നിന്ന് അകലം പാലിക്കുക, സന്തോഷകരമായ നിമിഷങ്ങളിലെ സമ്മര്‍ദവും പിരിമുറുക്കവുമൊക്കെയാണ് ചെറോഫോബിയയുടെ ലക്ഷണങ്ങള്‍.