Lifestyle

അടുക്കള വൃത്തിയാക്കാൻ തുണിക്കഷണമാണോ ഉപയോഗിക്കുന്നത്? ഇവ നിസ്സാരമായി കാണരുത്

പലപ്പോഴും അടുക്കളയിലെ ദുര്‍ഗന്ധം വമിക്കുന്ന കിച്ചണ്‍ ടവ്വലുകള്‍ വലിയ തലവേദനയാകാറുണ്ട്. അടുക്കളയുടെയും ഉപകരണങ്ങളുടെയും ഭാഗങ്ങള്‍ തുടയ്ക്കാനും മറ്റും ഉപയോഗിക്കുന്ന ഈ തുണിക്കഷ്ണങ്ങള്‍ ബാക്ടീരിയയുടെ ഉറവിടങ്ങളാണ് . ഇവ ശരിയായി വൃത്തിയാക്കിയില്ലെങ്കില്‍ പിന്നെ രോഗം വരുന്ന വഴിയറിയില്ല. ഇത്തരത്തിലുള്ള കിച്ചണ്‍ ടവ്വലുകള്‍ അണുവിമുക്തമാക്കണം.

സാധാരണയായി ഇത്തരത്തിലുള്ള തുണികള്‍ വാഷിങ് മെഷീനിലുകളില്‍ ഇട്ട് വൃത്തിയാക്കി എടുക്കാം. എന്നാല്‍ ഒരു മാസം കൂടുമ്പോള്‍ വളരെ നന്നായി വൃത്തിയാക്കേണ്ടതുണ്ട് . 6 മാസം കഴിയുമ്പോള്‍ ഈ തുണികള്‍ മാറ്റി ഉപയോഗിക്കുകയും വേണം.

പുതിയതായി വാങ്ങുന്ന കിച്ചണ്‍ ടവ്വലുകള്‍ നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. കഴുകി ഉണക്കിയതിന് ശേഷം മൈക്രോവേവ് അവ്നില്‍ 30 സെക്കന്‍ഡ് വച്ചാല്‍ അതിലെ ബാക്ടീരിയകളെ നശിപ്പിക്കാനും സാധിക്കും. അല്ലെങ്കില്‍ വെയിലത്ത് വെച്ചാലും മതി. നല്ല കോട്ടണ്‍ തുണി തന്നെ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കണം.

ഒരു മാസം കഴിഞ്ഞ കിച്ചണ്‍ ടവ്വലുകള്‍ തിളച്ച വെള്ളത്തില്‍ പുഴുങ്ങിയെടുത്ത് വൃത്തിയാക്കാം. ഇതിനായി പഴയ പാത്രം അടുപ്പത്ത് വെച്ച് കുറച്ച് സോപ്പുപൊടി ഇടുക. പിന്നാലെ തുണികള്‍ ഇടുക. ആവശ്യമാണെങ്കില്‍ ഡെറ്റോളും ചേര്‍ക്കാം. നന്നായി തിളച്ചതിന് ശേഷം അടുപ്പത്ത് നിന്ന് പുറത്ത് വെക്കാം. അരമണിക്കൂറിന് ശേഷം നന്നായി ഉരച്ച് കഴുകി കളഞ്ഞാല്‍ അഴുക്കും ബാക്ടീരിയകളും പോകും.

1 കപ്പ് വിനാഗിരി, അരകപ്പ് ബേക്കിങ് സോഡ, കുറച്ച് ഡിറ്റര്‍ജന്റുകളുപയോഗിച്ചാണ് അടുത്ത വഴി. ഇവ വെള്ളത്തില്‍ ചേര്‍ക്കുക. പിന്നാലെ തുണികള്‍ രാത്രി മുഴുവന്‍ മുക്കിവെക്കുക. പിറ്റേന്ന് വാഷിംഗ് മെഷീനില്‍ ഇട്ട് അലക്കി എടുക്കാം. ദുര്‍ഗന്ധം അകറ്റാനായി ഉപകരിക്കും.

അല്ലെങ്കില്‍ ഒരു പാത്രത്തില്‍ പകുതി വെള്ളം എടുത്ത് ഇതിലേക്ക് ക്ലീനിംഗ് സൊല്യുഷ്ന്‍ ഒഴിക്കുക. അടുപ്പത്ത് ഇത് വെച്ച് 15 മിനിറ്റ് തിളപ്പിക്കുക . പിന്നീട് പുറത്തെടുത്ത് സോപ്പ് ഉപയോഗിച്ച് ഉരച്ച് കഴുകാം. ബ്ലീച്ച് ലായിനി ഇടയ്ക്കിടെ ഉപയോഗിക്കുന്നത് ടവ്വലുകള്‍ അണുവിമുക്തമാക്കാനായി സഹായിക്കും.