Movie News

മാരി സെല്‍വരാജിന്റെ പുതിയ സിനിമയില്‍ നായിക അനുപമ; വിക്രത്തിന്റെ മകന്‍ ധ്രുവ് നായകന്‍

ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, വടിവേലു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മാമന്നന്‍’ സിനിമയുടെ വന്‍ വിജയത്തിന് ശേഷം മറ്റൊരു സിനിമയുമായി എത്താനുള്ള തിരക്കിലാണ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മാരി സെല്‍വരാജ്. ധ്രുവ് വിക്രം നായകനാകുന്ന സ്പോര്‍ട്സ് ബയോപിക്കായ തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍.

കഴിഞ്ഞ വര്‍ഷമാണ് ചിത്രം പ്രഖ്യാപിച്ചത്, നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പാ രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 15 ന് ചിത്രം തിയറ്ററുകളില്‍ എത്തും, 80 ദിവസത്തെ ഷൂട്ടിംഗ് നടക്കുമെന്ന് പറയപ്പെടുന്നു. ഇപ്പോഴിതാ, നടി അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായികയായി എത്തുന്നു എന്നതാണ് സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിശേഷം. കഴിഞ്ഞ രണ്ടു സിനിമയിലും മലയാളിനായികമാരെയാണ് മാരിസെല്‍വരാജ് പരിഗണിച്ചത്. കര്‍ണ്ണന്‍ സിനിമയില്‍ രജീഷാ വിജയനെയും മാമന്നനില്‍ കീര്‍ത്തി സുരേഷിനെയും നായികമാരാക്കിയ മാരി സെല്‍വരാജ് തന്റെ നാലാമത്തെ സിനിമയില്‍ അനുപമാ പരമേശ്വരനെ നായികയാക്കയിരിക്കുകയാണ്.

സന്തോഷ് നാരായണന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ്. ചിത്രത്തിനായി ധ്രുവ് വിക്രം വന്‍ പരിശീലനത്തിന് വിധേയനായതായും ആദ്യ ഷെഡ്യൂള്‍ തൂത്തുക്കുടിയില്‍ ചിത്രീകരിക്കുമെന്നും പറയപ്പെടുന്നു. കബഡി താരം മാനത്തി ഗണേശന്റെ ജീവിതകഥ പറയുന്ന ചിത്രം, ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകരെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.