Celebrity

ആന്റണി വര്‍ഗീസ് പിന്മാറിയത് ‘ഫാലിമി’യില്‍ നിന്ന് – വിവാദത്തില്‍ സിനിമയുടെ പേര് വെളിപ്പെടുത്തിജൂഡ് ആന്തണി

ആന്റണി വര്‍ഗീസിനെതിരെ സംസാരിച്ചത് പ്രൊഫഷണലില്ലായ്മ കാണിച്ചത് കൊണ്ട് തന്നെയാണെന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ എന്ന പരിപാടിയില്‍ സംസാരിയ്ക്കുമ്പോഴാണ് ആന്റണി വര്‍ഗീസിന്റെ വിഷയത്തെ കുറിച്ചും ജൂഡ് ആന്തണി സംസാരിച്ചത്.

” ആന്റണി വര്‍ഗീസിന്റെ കാര്യത്തില്‍ സംഭവിച്ചതില്‍ ഞാന്‍ പൂര്‍ണമായി ഞാന്‍ ഇപ്പോഴും പറയുകയാണ് അദ്ദേഹം ഒരു പ്രൊഫഷണല്‍ ഇല്ലായ്മ കാണിച്ചതു കൊണ്ട് തന്നെയാണ്. ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ അദ്ദേഹത്തിന്റെ ഫാമിലിയെ വിഷമിപ്പിച്ചു എന്നല്ലാതെ ഞാന്‍ പറഞ്ഞതില്‍ സത്യം ഉണ്ടെന്നുള്ള കാര്യം ഇപ്പോഴും ഞാന്‍ വിശ്വസിയ്ക്കുന്നു. അതായത്, ഒരു സിനിമ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് 18 ദിവസം മുന്‍പ് ആ സിനിമയില്‍ നിന്ന് നായകന്‍ പിന്മാറി. അതിന്റെ നിര്‍മാതാവും ടെക്‌നീഷ്യന്‍മാരും അതില്‍ വര്‍ക്ക് ചെയ്യാനിരുന്ന എല്ലാവരും വഴിയാധാരമായി പോയി. നിര്‍മാതാവ് വീട്ടില്‍ കയറാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അദ്ദേഹം വളരെ കഷ്ടപ്പെട്ടു. അന്ന് ഞാനത് പുറത്ത് പറഞ്ഞാല്‍ ആ സംവിധായകന്റെ ഭാവി ഇല്ലാതാകും. കാരണം ഇവന് ഒരു മറുപടി വരും സംവിധായകന്‍ അത്ര പോര എന്നൊരു വാക്ക് പറഞ്ഞാല്‍ അവന്റെ ഭാവി പോകും. നിന്റെ സിനിമ എന്ന് പാക്കപ്പ് ആകുന്നോ അന്ന് ഞാനത് പറയുമെന്ന് സംവിധായകനോട് വ്യക്തമാക്കിയിരുന്നു.

എന്റെ കഷ്ടകാലത്തിനോ അല്ലെങ്കില്‍ അവന്റെ കഷ്ടകാലത്തിനോ ഞാനീ ഇന്റര്‍വ്യൂ കൊടുക്കുന്ന സമയത്താണ്, സംവിധായകന്‍ എന്നെ വിളിച്ചിട്ട് ചേട്ടാ… എന്റെ സിനിമ ഇന്നലെ പാക്ക്അപ് ആയി എന്ന് പറഞ്ഞു. പക്ഷേ അതിന്റെ കൂട്ടത്തില്‍ ഞാനീ അനിയത്തിയുടെ കല്യാണം എന്നൊരു വാക്കു പറഞ്ഞു. അതിന് മാത്രമാണ് ഞാന്‍ മാപ്പ് പറഞ്ഞത്. പത്ത് ലക്ഷം രൂപയായാലും, പതിനായിരം രൂപയായാലും മറ്റൊരാള്‍ അധ്വാനിച്ച് ഉണ്ടാക്കിയ പൈസയാണ്. ഇതിന്റെ തിരക്കഥ പോര എന്നു പറഞ്ഞാണ് ആന്റണി ഈ സിനിമയില്‍ നിന്ന് പിന്മാറിയത്.

ഫാലിമി എന്ന സിനിമയില്‍ നിന്നാണ് ആന്റണി വര്‍ഗീസ് പിന്മാറിയത്. ഞാന്‍ ഇട്ട പേരാണ് അത്. ഞാന്‍ പ്രൊഡ്യൂസ് ചെയ്യാന്‍ വെച്ചിരുന്ന സിനിമയായിരുന്നു അത്. എനിക്ക് വരുന്ന കല്ലേറുകള്‍ ഒന്നും എനിക്ക് വിഷയമല്ല. ഈ വിഷയത്തിലേക്ക് കൂടുതല്‍ കടന്നാല്‍ ആന്റണി വര്‍ഗീസ് മോശക്കാരനാകും. എന്നെ വിശ്വസിച്ച നിര്‍മ്മാതാവിനോട് മാത്രമേ ഞാന്‍ സത്യസന്ധത കാണിച്ചിട്ടുള്ളൂ. വക്കീല്‍ നോട്ടീസ് അയച്ച ശേഷമാണ് പണം തിരിച്ച് കൊടുത്തത്. പാവപ്പെട്ടവനായാലും പണക്കാരനായാലും വേറൊരുത്തന്റെ കാശ് വാങ്ങി തിന്ന്. വക്കീല്‍ നോട്ടീസ് വരുമ്പോള്‍ തിരിച്ച് കൊടുക്കുന്നതില്‍ ഒരു ന്യായവും കാണുന്നില്ല.” – ജൂഡ് ആന്തണി