ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഓരോ ചിത്രവും അവരുടെ ആരാധകര്‍ നടന്മാരുടെ സിനിമകള്‍ പോലെ തന്നെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രമായ അന്നപൂര്‍ണ്ണിയുടെ കാര്യത്തിലും അത് അങ്ങിനെ തന്നെ. ഡിസംബര്‍ 1 ന് പുറത്തുവരാനിക്കുന്ന ചിത്രത്തിന്റെ ജീജ്ഞാസ കൂട്ടി സിനിമയുടെ ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. നയന്‍താരയുടെ 75-ാമത് ചിത്രമായ അന്നപൂര്‍ണ്ണി നിലേഷ് കൃഷ്ണയാണ് സംവിധാനം.
വെല്ലുവിളികളെ അതിജീവിച്ച് ഒരു പെണ്‍കുട്ടി പാചകക്കാരിയാകാന്‍ പോകുന്ന അവളുടെ യാത്രയുടെ നേര്‍ക്കാഴ്ചകളാണ് സിനിമ പറയുന്നത്. അമ്മയുടെ മുന്നറിയിപ്പ് അവഗണിച്ച് ‘ഇന്ത്യയിലെ ഏറ്റവും മികച്ച ഷെഫ്’ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നയാളെയാണ് നയന്‍താര ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രഹസ്യമായി പാചക സ്ഥാപനത്തില്‍ ചേരുന്നതും റിയാലിറ്റി ഷോയ്ക്കിടെ അടുക്കളയില്‍ തീപിടിത്തം ഉണ്ടാകുന്നതും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിടുന്നതും ട്രെയിലര്‍ വെളിപ്പെടുത്തുന്നു.
ജയ്, സത്യരാജ്, റെഡിന്‍ കിംഗ്സ്ലി, സുരേഷ് ചക്രവര്‍ത്തി, രേണുക, കെ എസ് രവികുമാര്‍ എന്നിവരും അഭിനയിക്കുന്ന അന്നപൂരണി ജതിന്‍ സേത്തിയും ആര്‍ രവീന്ദ്രനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുമ്പോള്‍ തമന്‍ എസ് സംഗീതം പകര്‍ന്നിരിക്കുന്നു. ഒരു പ്രൊഫഷണല്‍ ഷെഫിന് കീഴില്‍ പരിശീലനം നേടിയാണ് നയന്‍താര ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. 2013-ല്‍ പുറത്തിറങ്ങിയ ‘രാജാ റാണി’ എന്ന ചിത്രത്തിന് ശേഷം ജയ്യുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കൃഷ്ണ തിരക്കഥയെഴുതിയ ചിത്രത്തിന്റെ എഡിറ്റിംഗ് പ്രവീണ്‍ ആന്റണി നിര്‍വഹിച്ചിരിക്കുന്നു. ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ബോളിവുഡ് ചിത്രമായ ‘ജവാന്‍’ ആയിരുന്നു നയന്‍താരയുടെ മുന്‍ ചിത്രം.