സോഷ്യൽ മീഡിയയിൽ കടുത്ത അധിക്ഷേപം നേരിടേണ്ടി വരുന്ന നടിയാണ് അന്ന രാജൻ. ഉദ്ഘാടന ചടങ്ങുകൾക്കും സിനിമാ ഇവന്റുകൾക്കും എത്തുന്ന അന്ന രാജന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. പലപ്പോഴും ബോഡി ഷെയ്മിംഗ് ചെയ്തു കൊണ്ടുള്ള കമന്റുകളാണ് അന്ന രാജന് നേരെ വരാറ്. വണ്ണം കൂടിയെന്ന് പറഞ്ഞ് പലരും നടിയെ പരിഹസിച്ചു. ക്രൂരമായ പരിഹാസങ്ങൾ വന്നപ്പോഴും നടി അവഗണിച്ചു. ഇപ്പോഴിതാ വണ്ണം കുറച്ചതിനെക്കുറിച്ച് മനസ് തുറക്കുകയാണ് അന്ന രാജൻ.
ശരീരഭാരം കുറച്ചതിനെക്കുറിച്ചും തന്നിലുണ്ടായ ആരോഗ്യപരമായ മാറ്റങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് നടി അന്ന രേഷ്മ രാജൻ. ഉദ്ഘാടനവേളകളിൽ കാണാറുള്ള ശരീര വലുപ്പം കുറഞ്ഞതിനെപ്പറ്റിയുള്ള ആളുകളുടെ പരിഹാസ കമന്റുകൾക്ക് മറുപടി നൽകിക്കൊണ്ടാണ് താരം പ്രതികരിച്ചത്. ഇത് ‘എക്സ്ട്രാ ഫിറ്റിങ്’ എടുത്തുമാറ്റിയതല്ലെന്നും, കഠിനാധ്വാനം ചെയ്ത് ഭാരം കുറച്ചതാണെന്നും അവർ വ്യക്തമാക്കി. ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലായിരുന്നു താനെന്നും നടി വെളിപ്പെടുത്തി.
തന്റെ ശരീര വണ്ണത്തെ ബന്ധപ്പെടുത്തി കണ്ടന്റ് ഉണ്ടാക്കുന്ന യൂട്യൂബർമാർക്കും സോഷ്യൽ മീഡിയ പേജുകൾക്കും നടി ശക്തമായ മറുപടി നൽകിയിട്ടുണ്ട്. ‘‘സുഹൃത്തുക്കളേ, ഞാൻ എക്സ്ട്രാ ഫിറ്റിങ് ഉപയോഗിക്കാൻ മറന്നതല്ല – എന്റെ ഭാരം കുറയ്ക്കാൻ ഞാൻ വളരെയധികം പരിശ്രമിച്ചു. ഇപ്പോൾ എന്റെ വണ്ണം കുറഞ്ഞു, എനിക്കിപ്പോൾ വളരെ സന്തോഷമുണ്ട്, ശരീരം വളരെയധികം ആരോഗ്യകരമായതായി തോന്നുന്നു. നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ, ഞാൻ ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലാണ്. തടികുറച്ചപ്പോൾ എനിക്ക് മുമ്പത്തേക്കാൾ ചെറുപ്പമായതുപോലെ തോന്നുന്നു, ഇപ്പോൾ ഏറെ ആത്മവിശ്വാസം തോന്നുന്നു എന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും.
ഇപ്പോഴും ഞാൻ എന്റെ ലക്ഷ്യത്തിലെത്തിയിട്ടില്ല, ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. ഞാൻ എക്സ്ട്രാ ഫിറ്റിങ് വയ്ക്കുന്നുണ്ടെന്ന രീതിയിലുള്ള കുറെ കമന്റുകൾ കാണാറുണ്ട്. സത്യം പറഞ്ഞാൽ ഞാൻ അത് ആസ്വദിച്ചു. കാരണം ഇതാണ് ഞാൻ ആഗ്രഹിച്ചിരുന്ന യഥാർഥ ഞാൻ. ഒടുവിൽ, ഞാൻ അത് നേടി. എന്റെ ഫെെനൽ ഗോളിൽ ഞാൻ എത്തിയിട്ടില്ല.
എല്ലാ യൂട്യൂബർമാരോടും, എന്നെക്കുറിച്ച് കണ്ടന്റ് ഉണ്ടാക്കുന്നവരോടും, ഞാൻ ഇത്രയും കാലം നിശബ്ദത പാലിച്ചത് എനിക്ക് ഉത്തരമില്ലാത്തതുകൊണ്ടല്ല, മറിച്ച് എന്നെക്കുറിച്ചുള്ള കണ്ടന്റുകളാണ് നിങ്ങളുടെ വീട്ടിലെ കഞ്ഞിക്ക് വകയാകുന്നത് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ്. അതിനാൽ ദയവായി, തുടരുക. പക്ഷേ നിങ്ങളുടെ സന്തോഷത്തിനായി മറ്റുള്ളവരെ വേദനിപ്പിക്കരുത്. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക -പക്ഷേ അത് ദയയുള്ളതായിരിക്കട്ടെ.’’ അന്ന രാജൻ കുറിച്ചു.




