കടപ്പ: ആന്ധ്രാപ്രദേശില്‍ പോലീസ് കോണ്‍സ്റ്റബിള്‍ വീട്ടിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ചു മരിച്ചു. കടപ്പ ജില്ലയില്‍ ബുധനാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ ഭാര്യയേയും രണ്ടു പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ ജീവനൊടുക്കിയത്. 55 കാരനായ വെങ്കിടേശ്വരലു എന്ന പോലീസുകാരനാണ് കൊടും പാതകം ചെയ്തത്.കുടുംബപരമായ പ്രശ്‌നങ്ങളും സാമ്പത്തീക ബാദ്ധ്യതയുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പുറത്തു വരുന്ന വിവരങ്ങള്‍. കടപ്പയിലെ രണ്ടാം നമ്പര്‍ ടൗണ്‍ സ്‌റ്റേഷനില്‍ റൈട്ടറായിരുന്നു വെങ്കിടേശ്വരലു. പോലീസിന്റെ പരിശോധനയില്‍ വീട്ടില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി 11.30 യോടെയായിരുന്നു സംഭവമെന്നും പോലീസ് പറയുന്നു.രാത്രി 11 മണി വരെ ഡ്യൂട്ടിയുണ്ടായിരുന്ന വെങ്കിടേശ്വരലു സ്‌റ്റേഷനില്‍ നിന്നും തോക്കും ഏതാനും തിരകളും എടുത്തുകൊണ്ടായിരുന്നു ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയത്. ആദ്യം ഭാര്യയെയും രണ്ടു പെണ്‍മക്കളെയും വെടിവെച്ചു കൊന്ന അദ്ദേഹം പിന്നീട് സ്വയം നിറയൊഴിക്കുകയായിരുന്നു. ഇദ്ദേഹം കടുത്ത സാമ്പത്തീക പ്രതിസന്ധിയില്‍ ആയിരുന്നെന്നാണ് വിവരം. ഓഹരി വിപണിയില്‍ വ്യാപാരം നടത്തി കടുത്ത സാമ്പത്തീക നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് മനോവിഷമത്തില്‍ ആയിരുന്നു. ഇക്കാര്യത്തെ ചൊല്ലി വീട്ടില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നെന്നും വഴക്കും പതിവായിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.




