Oddly News

68,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കടല്‍ തന്നെ അപ്രത്യക്ഷമായി ; 2010 ല്‍ പൂര്‍ണ്ണമായും മരിച്ചു…!

കാലാവസ്ഥാ വ്യതിയാനം മൂലം ഒരു കടല്‍ തന്നെ അപ്രത്യക്ഷമായ കഥ കേട്ടിട്ടുണ്ടോ? മനുഷ്യന്റെ ചൂഷണത്തിന് കാലാവസ്ഥയെ പ്രതികൂലമാക്കി പ്രകൃതി എങ്ങിനെയാണ് തിരിച്ചടിക്കുന്നതെന്ന് കസാക്കിസ്ഥാനും ഉസ്‌ബെക്കിസ്ഥാനും ഇടയിലുള്ള 68,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന ‘ആറല്‍ സീ’ യുടെ വിധിയാണ് ഏറ്റവും വലിയ ഉദാഹരണം. 2010 ഓടെ ഈ ജലാശയം പൂര്‍ണ്ണമായും വറ്റിപ്പോയി.

68,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ആറല്‍ സീ ലോകത്തിലെ നാലാമത്തെ വലിയ ഉള്‍നാടന്‍ ജലാശയമായിരുന്നു. 1960-കളില്‍ സോവിയറ്റ് ജലസേചന പദ്ധതികള്‍ വഴി അതിനെ പോഷിപ്പിക്കുന്ന നദികള്‍ വഴിതിരിച്ചുവിട്ടതോടെയാണ് ഇത് വെള്ളം കിട്ടാതെ മരിച്ചത്. നാസയുടെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി ആറല്‍ സീയുടെ തിരോധാനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വിശദമായ വിശകലനം നല്‍കിയിട്ടുണ്ട്.

1960-കളില്‍ സോവിയറ്റ് യൂണിയന്‍ ജലസേചനത്തിനായി കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവിടങ്ങളിലെ വരണ്ട സമതലങ്ങളില്‍ ഒരു വലിയ ജലവിതരണ പദ്ധതി ഏറ്റെടുത്തു. ഈ പ്രദേശത്തെ രണ്ട് പ്രധാന നദികള്‍ – വടക്ക് സിര്‍ ദര്യയും തെക്ക് അമു ദര്യയും – മരുഭൂമിയെ പരുത്തിയുടെയും മറ്റ് വിളകളുടെയും ഫാമുകളാക്കി മാറ്റാന്‍ ഉപയോഗിച്ചു.

ദൂരെയുള്ള പര്‍വതങ്ങളിലെ മഞ്ഞും മഴയും അവരെ പോഷിപ്പിക്കുകയും കൈസില്‍കം മരുഭൂമിയിലൂടെ വെട്ടി ഒടുവില്‍ ആറല്‍ സീയിലേക്ക് വിടുകയും ചെയ്തു. മേജര്‍ പദ്ധതി മൂലം ജലസേചനം പൂവണിഞ്ഞെങ്കിലും അത് ജലാശയത്തെ തകര്‍ത്തുകളഞ്ഞു.

എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നത്, നിയോജെന്‍ കാലഘട്ടത്തിന്റെ അവസാനത്തിലാണ് (23 മുതല്‍ 2.6 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്) രണ്ട് നദികളും ഗതി മാറുകയും ഉള്‍നാടന്‍ തടാകത്തില്‍ ഉയര്‍ന്ന ജലനിരപ്പ് നിലനിര്‍ത്തുകയും ചെയ്തപ്പോഴാണ് ആറല്‍ സീ ഉണ്ടായത്. അതിന്റെ ഉച്ചസ്ഥായിയില്‍, തടാകം തെക്കുവടക്കായി 270 മൈല്‍ (435 കി.മീ) വരെയും കിഴക്ക് പടിഞ്ഞാറായി 180 മൈല്‍ (290 കി.മീ) വരെയും വ്യാപിച്ചു.

നദികളിലെ വെള്ളം തിരിച്ചുവിട്ട് കൃഷിയിടം സൃഷ്ടിച്ചതോടെ നീരൊഴുക്ക് ഗണ്യമായി കുറയുകയും ജലാശയത്തില്‍ നിന്നും ഉള്ള വെള്ളം കൂടി ആവിയായി പോകുകയും ചെയ്തു. തടാകത്തിന്റെ ഒരു ഭാഗം സംരക്ഷിക്കാനുള്ള അവസാന ശ്രമത്തില്‍, കസാക്കിസ്ഥാന്‍ ഒരു ഭാഗത്ത് അണക്കെട്ട് നിര്‍മ്മിച്ചു. എന്നാല്‍ ഇപ്പോള്‍ ജലാശയത്തെ അതിന്റെ പൂര്‍ണ്ണ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കുക എന്നത് മിക്കവാറും അസാധ്യമാണ്.