Crime

അവസാനത്തെ നരഭോജി ചെന്നായയെയും ഗ്രാമവാസികള്‍ കൊന്നു; നാടിനെ മാസങ്ങളോളം വിറപ്പിച്ച കൊടും ഭീകരര്‍ക്ക് വിരാമം

ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ മാസങ്ങളോളം നീണ്ട ആക്രമണ പരമ്പരകള്‍ നടത്തിയ ചെന്നായ കൂട്ടത്തെ ഉന്മൂലനം ചെയ്ത് ഗ്രാമവാസികള്‍. ബഹ്റൈച്ചിലെ മഹ്സി മേഖലയെ നാളുകളോളം വിറപ്പിച്ച ആറംഗ ചെന്നായ്ക്കൂട്ടത്തെയാണ് ഗ്രാമവാസികള്‍ കൊലപെടുത്തിയത്.

ശനിയാഴ്ച തമാച്പൂര്‍ ഗ്രാമത്തില്‍ ആടിനെ വേട്ടയാടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്രാമവാസികള്‍ അവസാന ചെന്നായയെ കൊന്നത്. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചെന്നായയുടെ മൃതദേഹം പുറത്തെടുത്തു. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി ചെന്നായയുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചുനാളുകളായി ഗ്രാമത്തില്‍ അവശേഷിച്ച ആറാമത്തെ ചെന്നായയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഡിപ്പാര്‍ട്‌മെന്റ്. എന്നാല്‍ ഒരു ഗ്രാമത്തില്‍ മൃഗത്തിനെ ചത്തനിലയില്‍ കണ്ടെത്തിയെന്ന വിവരം ലഭ്യമായതിനെ തുടര്‍ന്ന് പോലീസ് സംഘം അവിടെ എത്തുകയായിരുന്നു. പരിശോധനയില്‍, മുറിവുകളോടെ ചത്ത ചെന്നായയെ ഞങ്ങള്‍ കണ്ടെത്തി. ഗ്രാമവാസികളോ മറ്റുള്ളവരോ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്., ഈ അന്വേഷണത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് ബഹ്റൈച്ച് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ അജിത് സിംഗ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ മഹ്സി തഹ്സിലിലെ നിരവധി ഗ്രാമങ്ങളില്‍ നാശം വിതച്ച ചെന്നായ്ക്കള്‍ മാസങ്ങളായി ഗ്രാമവാസികള്‍ക്ക് നിരന്തര ഭീഷണിയായിരുന്നു. സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്തു ഉത്തര്‍പ്രദേശ് വനം വകുപ്പ് ‘ഓപ്പറേഷന്‍ ഭേദിയ’ എന്ന പദ്ധതി ആരംഭിച്ചു. ഏകദേശം 25 മുതല്‍ 30 വരെയുള്ള ഗ്രാമങ്ങളില്‍ ആക്രമണം അഴിച്ചിവിട്ട ചെന്നായ്ക്കളെ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി ആരംഭിച്ചത്.

അങ്ങനെ അഞ്ചാമത്തെ ചെന്നായയെ സെപ്റ്റംബര്‍ 10 ന് പിടികൂടി. തുടര്‍ന്ന് ആറാമത്തെ ചെന്നായയെ പിടികൂടാന്‍ തന്ത്രപരമായ നീക്കങ്ങളാണ് നടത്തിയത്. ഇതിന്റെ ഭാഗമായി ചെന്നായ്ക്കളുടെ ആവാസകേന്ദ്രമെന്ന് കരുതുന്ന വിവിധ സ്ഥലങ്ങളില്‍ വനംവകുപ്പ് സ്നാപ്പ് ക്യാമറകള്‍ സ്ഥാപിച്ചു. ഉദാഹരണത്തിന്, സിക്കന്ദര്‍പൂര്‍ ഗ്രാമത്തില്‍, ആറ് ഗുഹകള്‍ക്ക് ചുറ്റും മൂന്ന് സ്നാപ്പ് ക്യാമറകള്‍ സ്ഥാപിച്ചു, ഇവിടം ചെന്നായ്ക്കളുടെ മാളങ്ങളാകാന്‍ സാധ്യതയുള്ള .പ്രദേശങ്ങളാണെന്ന ഗ്രാമവാസികളുടെ കണ്ടെത്തലിനെ തുടരുന്നായിരുന്നു നീക്കം.

ഈ നരഭോജി ചെന്നായ്ക്കള്‍ കടുത്ത ആക്രമാണ് ഈ മേഖലയില്‍ അഴിച്ചുവിട്ടത്. ബഹ്റൈച്ചിലെ വിവിധ ഗ്രാമങ്ങളിലായി ഒമ്പത് മരണങ്ങളും 40-ലധികം പരിക്കുകളുമാണ് ഇവയുടെ അക്രമണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഏതായാലും ഈ ഉന്മൂലനം തങ്ങള്‍ അനുഭവിച്ച ഭയാനകമായ അഗ്‌നിപരീക്ഷയുടെ അവസാനമായി കണക്കാക്കുയാണ് ഗ്രാമവാസികള്‍.