Good News

750രൂപ ദിവസക്കൂലിയില്‍ തുടങ്ങി 80കോടിയുണ്ടാക്കിയ നടൻ; കാർഗിൽ യുദ്ധത്തില്‍ പോരാടാന്‍ അഭിനയം ഉപേക്ഷിച്ചു

ബോളിവുഡിൽ ‘ഗോഡ്ഫാദറി’ന്റെ പിന്തുണ ഇല്ലാതെ ഇൻഡസ്‌ട്രിയിലേക്ക് വരുന്ന മിക്ക അഭിനേതാക്കളും പരാജയപ്പെടുകയാണ് പതിവ്. എന്നാല്‍ അത്തരക്കാരെ പിന്നിലാക്കി മുകളിലേക്ക് എത്തിയവരുടെയും കഥകൾ ഉണ്ട്. അത്തരത്തിലുള്ള ഒരു വിജയഗാഥയാണ് ദേശീയ അവാർഡ് ജേതാവായ ഈ മനുഷ്യന്റേത്. 11-ാം വയസിൽ കല്ല് ക്വാറിയിൽ പണിയെടുത്ത കുട്ടി ഇന്നു 80 കോടി ആസ്തിയുടെ ഉടമ. മാത്രമല്ല കാർഗിൽ യുദ്ധത്തിൽ പോരാടാൻ അഭിനയം ഉപേക്ഷിച്ച് ഒരു റെജിമെന്റിന് മേജറായി തന്റെ സേവനം നൽകുകയും ചെയ്തു. അത് വേറെയാരുമല്ല, വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകനെ അമ്പരപ്പിച്ച നാനാ പടേക്കറാണ് ആ പോരാളി.

1951ൽ ഒരു മറാത്തി കുടുംബത്തിലാണ് നാനാ പടേക്കർ ജനിച്ചത്. എന്നാൽ പടേക്കറുടെ ആദ്യകാല ജീവിതം അത്ര എളുപ്പമായിരുന്നില്ല. 11 വയസ്സുള്ളപ്പോൾ ഒരു കല്ല് ക്വാറിയിൽ ജോലി ചെയ്യേണ്ടി വന്നു. ഒരു അഭിനേതാവായി ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ തന്റെ ആദ്യ ശമ്പളം വെറും 750 രൂപയായിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 1978-ൽ നാനാ പടേക്കര്‍ വിവാഹിതനായി, ബാങ്ക് ജോലിക്കാരിയായ അവൾക്ക്
പ്രതിമാസം 2000 രൂപയിലധികം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് സിനിമകളിലൂടെ അദ്ദേഹം നടനെന്ന നിലയില്‍ അദ്ദേഹം വളര്‍ന്നു. ഇന്ന് നാനാ പടേക്കർ പ്രതിവർഷം 6 കോടി രൂപ സമ്പാദിക്കുകയും 80 കോടി രൂപ ആസ്തി നേടുകയും ചെയ്തിതിരിക്കുന്നു.

1978ൽ ഗമൻ എന്ന ചിത്രത്തിലെ നെഗറ്റീവ് റോളിലൂടെയാണ് നാനാ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. എന്നാൽ 1986-ലെ സൂപ്പർ ഹിറ്റായ അങ്കുഷ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യം ശ്രദ്ധിക്കപ്പെട്ടത്, അദ്ദേഹത്തിന്റെ പ്രത്യേകഅഭിനയശൈലി പ്രേക്ഷകരെ ഹരം കൊള്ളിച്ചു. പിന്നീട് വന്ന പരിന്ദ, തിരംഗ, ക്രാന്തിവീർ, അഗ്നി സാക്ഷി, ഖാമോഷി, ഭൂത്, സലാം ബോംബെ തുടങ്ങിയ ചിത്രങ്ങള്‍ നിരൂപക പ്രശംസ നേടി. വാണിജ്യപരമായും സിനിമകള്‍ വിജയിച്ചതോടെ നിരവധി സിനിമകളിൽ നാന പ്രത്യക്ഷപ്പെട്ടു. ക്രാന്തീവീറിലെ അഭിനയത്തിന് 1995-ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടി. അഗ്നിസാക്ഷി, പരിന്ദ എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് രണ്ടു തവണ നേടി.

വെറുമൊരു സിനിമാക്കാരൻ എന്നിതലുപരി ഒരു മികച്ച രാജ്യസ്‌നേഹി കൂടിയാണ് അദ്ദേഹം. മൂന്ന് വർഷത്തെ കഠിനമായ പരിശീലനത്തിന് ശേഷം. 1990-ൽ നാനാ പടേക്കർ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ക്യാപ്റ്റൻ ആയി കമ്മീഷൻ ചെയ്യപ്പെട്ടു, കരസേനാ മേധാവി ജനറൽ വി കെ സിങ്ങുമായി അദ്ദേഹം അടുത്ത് പ്രവർത്തിച്ചിരുന്നു. 1999-ലെ കാർഗിൽ യുദ്ധസമയത്ത്, നാനാ പടേക്കർ തന്റെ അഭിനയ ജീവിതത്തിന് താൽക്കാലിക വിരാമം നൽകുകയും മറാത്ത ലൈറ്റ് ഇൻഫൻട്രി റെജിമെന്റില്‍ മേജറായി സേവനം അനുഷ്ടിക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹം സ്‌പോർട്‌സ് ഷൂട്ടറായി സംസ്ഥാന, ദേശീയ തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുകയും സീനിയർ ഏജ് വിഭാഗങ്ങളിൽ മെഡലുകൾ നേടുകയും ചെയ്തു.