ഏറ്റവും സമീകൃതമായ ആഹാരമാണ് പാൽ. ധാരാളം കാൽസ്യവും പോഷകങ്ങളും പാലിൽ അടങ്ങിയിട്ടുണ്ട്. ശുദ്ധമായ പശുവിന്റെ പാല് കറന്ന് കുടിക്കുന്നവരും പാക്കറ്റ് പാല് കുടിക്കുന്ന ആളുകളും നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ മുകേഷ് അംബാനിയും കുടുംബവും കുടിക്കുന്ന പാല് ഏത് പശുവിന്റേത് ആണെന്ന് അറിയാമോ?
ഏറ്റവും ഉയർന്ന നിലവാരമുള്ള പാലെന്ന് അറിയപ്പെടുന്ന ഹോൾസ്റ്റീൻ-ഫ്രീഷ്യൻ ഇനം പശുവിൻ പാലാണ് അംബാനി കുടുംബം കുടിക്കുന്നത്. ഹോൾസ്റ്റീൻ-ഫ്രീസിയൻ പശുക്കൾ, നെതർലാൻഡിൽ നിന്നുള്ള പ്രീമിയം ഇനമാണ്. പ്രോട്ടീനുകൾ, മാക്രോ ന്യൂട്രിയൻ്റുകൾ, മൈക്രോ ന്യൂട്രിയൻ്റുകൾ, അവശ്യ കൊഴുപ്പുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഈ പാൽ. 35 ഏക്കറിൽ മൂവായിരത്തിലധികം പശുക്കളുള്ള പൂനെയിലെ ഹൈടെക് ഭാഗ്യലക്ഷ്മി ഡയറിയിലാണ് ഈ ഇനത്തിൽപ്പെട്ട പശുക്കളെ വളർത്തുന്നത്.
ഹോൾസ്റ്റീൻ ഫ്രീസിയൻ പശുവിന്റെ ജന്മദേശം നെതർലാൻഡ് ആണ്. പ്രായപൂർത്തിയായ ഒരു പശുവിന് 750 കിലോഗ്രാം ഭാരമുണ്ടാകും. ഈ ഇനത്തിൽപ്പെട്ട ഒരു പശുവിന് പ്രതിദിനം 25 ലിറ്റർ പാലും പ്രതിവർഷം 9500 ലിറ്ററിലധികം പാലും നൽകാനുള്ള കഴിവുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന ഇനമായി ഈ പശുക്കൾ അറിയപ്പെടുന്നു.
ഹോൾസ്റ്റീൻ ഫ്രീസിയൻ മിൽക്ക്, എ1, എ2 ബീറ്റാ കസീൻ (പ്രോട്ടീൻ) എന്നിവയാൽ സമ്പുഷ്ടമായ ഒരു അന്താരാഷ്ട്ര പ്രശസ്തമായ പാലുൽപ്പന്നമാണ് ഇത്. പ്രോട്ടീനുകൾ, മാക്രോ ന്യൂട്രിയൻ്റുകൾ, മൈക്രോ ന്യൂട്രിയൻ്റുകൾ, അവശ്യ കൊഴുപ്പുകൾ, കാർബോഹൈഡ്രേറ്റ് എന്നിവയാൽ സമ്പുഷ്ടമാണ്. ഒരു ഗ്ലാസ് പാൽ എന്ന ലളിതമായ കാര്യങ്ങളിൽ പോലും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് അംബാനി കുടുംബത്തിന്.
എന്തായാലും അംബാനി കുടുംബത്തിന് ഉയർന്ന ഗുണമേന്മയുള്ള പാലാണ് ലഭിക്കുന്നുന്നതെന്ന് ഉറപ്പാക്കാൻ, ഈ പശുക്കൾക്ക് പ്രത്യേക പരിചരണമാണ് നൽകുന്നത് , കേരളത്തിൽ നിന്ന് ലഭിക്കുന്ന റബ്ബർ പൊതിഞ്ഞ മെത്തകളിൽ ആണ് പശുക്കൾ കിടക്കുന്നത്. RO (Reverse Osmosis) സാങ്കേതികവിദ്യ ഉപയോഗിച്ച് ഫിൽട്ടർ ചെയ്ത വെള്ളം ആണ് പശുക്കൾക്ക് കുടിക്കാനായി നൽകുന്നത്. അംബാനിമാരെപ്പോലുള്ള ഉന്നത കുടുംബങ്ങൾക്ക് ഈ പശുക്കള്‍ പ്രിയപ്പെട്ടതാകാന്‍ കാരണമിതൊക്കെയാണ്.