അനന്ത് അംബാനി – രാധിക മര്‍ച്ചന്റ് ആഡംബര വിവാഹം ജൂലൈ 12-ന് മുംബൈയില്‍ നടക്കാന്‍ ഒരുങ്ങുകയാണ്. മുംബൈ ജിയോ വേള്‍ഡ് കണ്വെന്ഷന് സെന്ററിലാണ് വിവാഹച്ചടങ്ങുകള്‍. വിവാഹത്തിന്റെ ഘട്ടം ഘട്ടമായ ആഘോഷങ്ങള്‍ നടന്നു കൊണ്ടിരിയ്ക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ നടക്കുകയാണ്. ചടങ്ങുകളില്‍ വധൂ-വരന്മാരുടെ വസ്ത്രങ്ങള്‍ക്കൊപ്പം തന്നെ ശ്രദ്ധേയമായത് നിത അംബാനിയുടെ വസ്ത്രം കൂടിയാണ്.
മകന് അനന്ത് അംബാനിയുടെയും മരുമകള്‍ രാധിക മര്‍ച്ചന്റിന്റെയും ഹല്‍ദി ചടങ്ങില്‍ ഇന്നലെ രാത്രി നിത അംബാനി പങ്കെടുത്തപ്പോള്‍ ധരിച്ച വസ്ത്രമാണ് ഇപ്പോള്‍ ഏവരുടേയും ശ്രദ്ധ ആകര്ഷിച്ചിരിയ്ക്കുന്നത്. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത പരമ്പരാഗത ഹൈദരാബാദി കുര്‍ത്തയും ഖഡ ദുപ്പട്ടയുമാണ് നിത ചടങ്ങില്‍ ധരിച്ചിരുന്നത്. എന്നാല്‍ ഈ വസ്ത്രം പുരാതന സാര്‍ട്ടോറിയല്‍ ശൈലിയിലുള്ള വസ്ത്രമാണെന്നാണ് പറയപ്പെടുന്നത്. ഇതിന് 150 വര്‍ഷം പഴക്കമുണ്ടെന്നും ഈ രീതിയില്‍ വസ്ത്രം ധരിയ്ക്കുന്നതിനെ ചൗഗോഷിയ എന്നുമാണ് പറയപ്പെടുന്നത്. പരമ്പരാഗത ചൗഗോഷിയയില് നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിത അംബാനി ഹൈദരാബാദി കുര്‍ത്തയും ഖഡ ദുപ്പട്ടയും ധരിച്ചത്. ഈ പരമ്പരാഗത വസ്ത്രത്തിന് ചേരുന്ന ഹെവി ആഭരണങ്ങളും മേക്ക്അപ്പുമായിരുന്നു നിത അംബാനി സ്വീകരിച്ചത്.
ഒരു ചൗഗോഷിയയില് ഘടിപ്പിച്ച ചോളി, അയഞ്ഞ കുര്‍ത്തി, ഇറുകിയ പൈജാമ, അഞ്ച് മീറ്റര്‍ ഖഡ ദുപ്പട്ട എന്നിവ അടങ്ങുന്നതാണ് ഈ വസ്ത്രം. 150 വര്‍ഷങ്ങള്‍ മുന്‍പ് തന്നെ ഹൈദ്രാബാദി മുസ്ലീം സ്ത്രീകള്‍ അവരുടെ നിക്കാഹ് അല്ലെങ്കില്‍ വിവാഹ വേളയില്‍ ധരിക്കുന്ന ഒരു വസ്ത്ര ശൈലിയാണിത്. പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ കാലഘട്ടത്തിലായിരുന്നു ഇതിന്റെ ഉത്ഭവം. നൈസാമിലെ ബീഗങ്ങള്‍ അവതരിപ്പിച്ച നിരവധി പരിഷ്കാരങ്ങളും ചൗഗോഷിയയില് വരുത്തി. ഹൈദരാബാദിലെ വ്യത്യസ്ത പശ്ചാത്തലത്തിലുള്ള സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ഒരു സാധാരണ വസ്ത്രമായി ഇത് പിന്നീട് മാറി. സാര്‍ട്ടോറിയല്‍ ശൈലി പല തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടു. എന്നാല്‍ ഒരിക്കലും അതിന്റെ യഥാര്‍ത്ഥ ചാരുത നഷ്ടപ്പെട്ടില്ല. പാരമ്പര്യങ്ങള്‍ ഒരിക്കലും ഫാഷനില്‍ നിന്ന് പുറത്തുപോകില്ലെന്ന് തന്നെയാണ് ഇത് തെളിയിക്കുന്നത്.