Celebrity

ജിമ്മിലെ കഠിനമായ പരിശീലന വീഡിയോയുമായി ആലിയ ഭട്ട് ; ‘ആല്‍ഫ ഗേള്‍ ലെറ്റ്‌സ്‌ഗോ’യെന്ന് ആരാധകര്‍

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ ചിത്രമായ ആല്‍ഫയുടെ ചിത്രീകരണത്തിലാണ് ബോളിവുഡ് താരം ആലിയ ഭട്ട് ഇപ്പോള്‍. ആദിത്യ ചോപ്രയുടെ ജനപ്രിയ YRF സ്‌പൈ യൂണിവേഴ്സിന്റെ ഭാഗമാണ് ഈ ചിത്രം. ഷര്‍വാരി വാഗിനൊപ്പം ചിത്രത്തിന്റെ കാശ്മീര്‍ ഷെഡ്യൂളിന് ശേഷം ആലിയ അടുത്തിടെയാണ് മുംബൈയിലേക്ക് തിരികെ എത്തിയത്. അടുത്ത ഷെഡ്യൂളിനായി ജിമ്മില്‍ കഠിന പരിശീലനത്തിലാണ് താരം.

ഇപ്പോള്‍ ആരാധകരെ ആവേശം കൊള്ളിയ്ക്കുന്ന പരിശീലന വീഡിയോയാണ് ആലിയയുടേതായി പുറത്ത് വന്നിരിയ്ക്കുന്നത്. ആലിയ ഭട്ടിന്റെ ഫിറ്റ്നസ് പരിശീലകനായ സൊഹ്റാബാണ് താരത്തിന്റെ വര്‍ക്കൗട്ട് സെഷനില്‍ നിന്നുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. പുറം തിരിഞ്ഞ് ഇരുന്ന് പുള്‍-ഡൗണുകള്‍ ചെയ്യുന്ന ആലിയയെയാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്. ആല്‍ഫയുടെ ടൈറ്റില്‍ ഗാനമാണ് താരത്തിന്റെ വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്.

വീഡിയോ പുറത്ത് വന്നതോടെ താരത്തിന്റെ ആരാധകര്‍ വളരെ ആവേശത്തിലാണ്. കഥാപാത്രത്തിന് വേണ്ടിയുള്ള ആലിയയുടെ അര്‍പ്പണ ബോധത്തെ കുറിച്ചാണ് ആരാധകരില്‍ പലരും ഈ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. ‘ആല്‍ഫ ഗേള്‍ ലെസ്‌ഗോ’, – എന്നാണ് ഒരാള്‍ കുറിച്ചിരിയ്ക്കുന്നത്. മറ്റൊരാള്‍ ശക്തയെന്നാണ് കമന്റ് ചെയ്തിരിയ്ക്കുന്നത്.