തമിഴിലെ സൂപ്പര്‍സ്റ്റാറാണ് ആരാധകര്‍ സ്‌നേഹത്തോടെ തല എന്ന് വിളിയ്ക്കുന്ന അജിത് കുമാര്‍. നിരവധി ഹിറ്റുകളാണ് താരം ആരാധകര്‍ക്കായി സമ്മാനിച്ചത്. മികച്ച നടന്‍ മാത്രമല്ല ഒരു പ്രൊഫഷണല്‍ റേസര്‍ കൂടിയാണ് താരം. 2002-ലെ ഫോര്‍മുല മാരുതി ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്തെത്തിയതിന് ശേഷം 2003-ല്‍ അജിത് കുമാര്‍ ഒരു റേസിംഗ് താരമായി മാറി.
മാത്രമല്ല, ഇന്റര്‍നാഷണല്‍ അരീനയിലും FIA ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുത്ത ചുരുക്കം ചില ഇന്ത്യക്കാരില്‍ ഒരാള്‍ കൂടിയാണ് ഈ നടന്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷം മോട്ടോര്‍ റേസിംഗിലേക്കുള്ള തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ് അജിത് കുമാര്‍. മലയാളികളുടെ പ്രിയപ്പെട്ട താരവും അജിത്തിന്റെ ഭാര്യയുമായ ശാലിനി ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ സൂചന നല്‍കുകയും ചെയ്തിരിയ്ക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള റേസിംഗിലേക്കുള്ള താരത്തിന്റെ തിരിച്ച് വരവിന് ആശംസ അറിയിച്ചു കൊണ്ടാണ് ശാലിനിയുടെ പോസ്റ്റ്.
”നിങ്ങള്‍ ഒരു റേസിംഗ് ഡ്രൈവറായി, നിങ്ങള്‍ ഇഷ്ടപ്പെടുന്നത് ചെയ്യുന്നത് കാണുന്നത് വളരെ സന്തോഷകരമാണ്. നിങ്ങള്‍ക്കും നിങ്ങളുടെ ടീമിനും സുരക്ഷിതവും വിജയകരവുമായ റേസിംഗ് കരിയര്‍ ആശംസിക്കുന്നു’ – എന്നാണ് ശാലിനി കുറിച്ചിരിയ്ക്കുന്നത്. ജനുവരി 10 മുതല്‍ 12 വരെയാണ് റേസിംഗ് നടക്കുന്നത്. മിഷേലിന്‍ ദുബായില്‍ നിന്ന് 24h 2025 ല്‍ നിന്ന് ഇതിനായി അജിത്തും ടീമും യാത്ര ആരംഭിക്കും. അതിനുശേഷം, യൂറോപ്യന്‍ 24h സീരീസ് ചാമ്പ്യന്‍ഷിപ്പും പോര്‍ഷെ GT3 കപ്പും ഉള്‍പ്പെടെ യൂറോപ്പിലുടനീളം നടക്കുന്ന പരിപാടികളില്‍ അവര്‍ പങ്കെടുക്കും.
ഉദ്ഘാടന ഫോര്‍മുല ബിഎംഡബ്ല്യു ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ മുന്‍പ് താരം പങ്കെടുത്തെങ്കിലും ആദ്യ ലാപ്പിന് ശേഷം മത്സരത്തില്‍ നിന്ന് പുറത്തായി. എഫ്‌ഐഎ ഫോര്‍മുല ടു ചാമ്പ്യന്‍ഷിപ്പിലും അജിത്കുമാര്‍ പങ്കെടുത്തിട്ടുണ്ട്. തുടര്‍ന്ന് റേസിംഗിനിടയില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ താരം തന്റെ റേസിംഗ് ജീവിതത്തിന് വര്‍ഷങ്ങളോളം ഇടവേള നല്‍കുകയായിരുന്നു. അജിത് കുമാറും ഭാര്യ ശാലിനിയും തങ്ങളുടെ അവധിക്കാല ആഘോഷങ്ങളുടെ ഭാഗമായി ഇപ്പോള്‍ സ്പെയിനിലാണ്. സ്‌പെയിനിലെ തെരുവുകളില്‍ താരദമ്പതികള്‍ കൈകോര്‍ത്ത് നടക്കുന്ന വീഡിയോ ശാലിനി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.