ഏകകോശ ജീവികളല്ലാതെ ഒരു ജീവിയും അനശ്വരരല്ല. പക്ഷേ മരണം എന്ന സത്യം അനിശ്ചിതവുമാണ്. മനുഷ്യര്‍ക്ക് മരണദിവസം കൃത്യമായി അറിയാന്‍ ആകാംക്ഷയുണ്ടെങ്കിലും അത് മുന്‍കൂട്ടി കൃത്യമായി അറിയാന്‍ ഒരു സംവിധാനവുമില്ല. മനുഷ്യരാശി ഉള്ളിടത്തോളം കാലം എല്ലാവര്‍ക്കും കൗതുകമായ ഈ കാര്യം കണ്ടുപിടിക്കാനും വേണമെങ്കില്‍ നീട്ടിക്കൊണ്ടു പോകാനും സംവിധാനവുമായി വരികയാണ് എഐ.
മനുഷ്യര്‍ എത്ര കാലം ജീവിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടുപിടിക്കാന്‍ ശാസ്ത്രം ഉപയോഗിക്കുന്ന ആക്ച്വറിയല്‍ ടേബിളുകളുടെ ദൗത്യം ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഏറ്റെടുത്തിരിക്കുകയാണ്. എഐ യില്‍ പ്രവര്‍ത്തിക്കുന്ന ദീര്‍ഘായുസ്സ് ആപ്പായ ‘ഡെത്ത് ക്ലോക്ക്’ എന്ന ആപ്പ് ഹിറ്റായി മാറിയിരിക്കുകയാണ്. ഭക്ഷണക്രമം, വ്യായാമം, സമ്മര്‍ദ്ദ നിലകള്‍, ഉറക്കം എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ വെച്ചാണ് ഡെത്ത് ക്ലോക്ക് ഉപയോഗിച്ചാണ് മരണ തീയതി പ്രവചിക്കുക. മരണനിരക്ക് തടയാന്‍ കഴിയുന്ന ജീവിതശൈലി മാറ്റങ്ങളെ ഡെത്ത് ക്ലോക്ക് നിര്‍ദ്ദേശിക്കുന്നു – കണക്കാക്കിയ സമയത്തിന്റെ സെക്കന്‍ഡ് ബൈ സെക്കന്‍ഡ് കൗണ്ട്ഡൗണ്‍ സഹിതം.
എന്നിരുന്നാലും, പണമടച്ചുള്ള ഉപയോക്താക്കള്‍ക്ക് മാത്രമേ അതിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയൂ. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ പ്രതിവര്‍ഷം 40 ഡോളര്‍ നല്‍കണം. മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ സെന്‍സര്‍ ടവറില്‍ നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് ശനിയാഴ്ച (നവം. 30) നടത്തിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ഡെത്ത് ക്ലോക്ക് ജൂലൈയില്‍ ലോഞ്ച് ചെയ്തതിന് ശേഷം ഏകദേശം 125,000 തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏകദേശം 53 ദശലക്ഷം പങ്കാളികളുള്ള 1,200-ലധികം ആയുര്‍ദൈര്‍ഘ്യ പഠനങ്ങളുടെ ഡാറ്റാസെറ്റിലാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന എഐ പരിശീലിപ്പിച്ചതെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ‘നിങ്ങള്‍ മരിക്കാന്‍ പോകുന്ന ദിവസത്തേക്കാള്‍ പ്രധാനപ്പെട്ട ഒരു തീയതി നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകില്ല.’ ആപ്പ് വികസിപ്പിച്ചെടുത്ത ബ്രെന്റ് ഫ്രാന്‍സണ്‍ ബ്ലൂംബെര്‍ഗിനോട് പറഞ്ഞു.