Health

AI ഉപയോഗിച്ചുള്ള ഗർഭധാരണമോ? 19 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം സ്ത്രീ ഗർഭിണിയായി

ഒരു കുഞ്ഞിനായി 19 വര്‍ഷം കാത്തിരുന്ന ദമ്പതികളെ ഗര്‍ഭം ധരിക്കാന്‍ എഐ സഹായിച്ചെന്ന് വെളിപ്പെടുത്തി ഡോക്ടര്‍മാര്‍. കൊളംബിയ സര്‍വകലാശാലയിലെ ഫെര്‍ട്ടിലിറ്റി സെന്‍ററിലെ ഡോക്ടര്‍മാരാണ് വൈദ്യശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഈ വിവരം പുറത്തുവിട്ടത്.

എഐ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ‘സ്റ്റാര്‍’ (സ്പേം ട്രാക്കിങ് ആന്‍റ് റിക്കവറി)പ്രക്രിയയാണ് ഗര്‍ഭിണിയാകാന്‍ യുവതിയെ സഹായിച്ചത്. പുരുഷ വന്ധ്യതാ ചികില്‍സയില്‍ നിര്‍ണായക വഴിത്തിരിവാണ് ഇതെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. ആരോഗ്യകരമായ ബീജങ്ങളെ തിരിച്ചറിയാനും ‘അസൂസ്പെര്‍മിയ’ എന്ന അവസ്ഥയുള്ളവര്‍ക്കും ‘സ്റ്റാര്‍’ ചികിത്സ പ്രയോജനപ്പെടുത്താമെന്നാണ് ഗവേഷകര്‍ പറയുന്നത്.

പുരുഷ വന്ധ്യതയുടെ പ്രധാന കാരണമായ ഒരു ബീജം പോലുമില്ലാതെ സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണ് അസൂപെര്‍മിയ. ബീജം പുറത്തേക്ക് വരാത്ത ഈ അവസ്ഥയില്‍ സ്വാഭാവികമായ ഗര്‍ഭധാരണം ഏറെക്കുറെ അസാധ്യമാണ്. ഇത്തരം പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകുമെന്നും ഗവേഷകര്‍ പറയുന്നു. ജനിതക ഘടകങ്ങളാണ് പ്രധാനമായും അസൂസ്പെര്‍മിയയ്ക്ക് ഇടയാക്കുന്നത്.

എഐ പ്രക്രിയയിലെ ആദ്യ പടി ശുക്ലത്തിന്റെ സാംപിളുകള്‍ ശേഖരിക്കുകയാണ് . ഈ സാംപിളുകളില്‍ നിന്നും മണിക്കൂറില്‍ എട്ട് മില്യണെന്ന കണക്കില്‍ എഐ ചിത്രങ്ങള്‍ വേര്‍തിരിക്കും. ചിത്രങ്ങളെ എഐ അല്‍ഗരിതം വഴി വിശകലനം നടത്തിയ ശേഷം ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ബീജങ്ങളെ തരംതിരിച്ചെടുക്കും. ഇതുപയോഗിച്ച് ബീജസംയോജനം നടത്തുകവഴിയാണ് ഗര്‍ഭധാരണം വിജയകരമായത്. വന്ധ്യതാ ചികില്‍സയില്‍ എഐ ഉപയോഗിക്കുന്നതോടെ കൃത്യതയും കാര്യക്ഷമതയും കൈവരിക്കാന്‍ കഴിയുമെന്നും വിജയനിരക്ക് വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, സ്റ്റാര്‍ സംവിധാനം ഇപ്പോഴും പരീക്ഷണഘട്ടത്തില്‍ തന്നെയാമെന്നും വിശദമായ പഠനങ്ങള്‍ നിരീക്ഷണങ്ങളും ആവശ്യമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.