Lifestyle

ചായ ഉണ്ടാക്കിയശേഷം അരിപ്പയിലെ ചായപ്പൊടി വലിച്ചെറിയാന്‍ വരട്ടെ; ഇങ്ങനെ വീണ്ടും ഉപയോഗപ്രദമാക്കാം

ചായ കുടിച്ച് കൊണ്ട് ഒരു ദിവസം ആരംഭിക്കുന്നവരാണ് അധികം ആളുകളും . എന്നാല്‍ മാത്രമേ ദിവസം തുടങ്ങാന്‍ ഒരു ഉന്മേഷം ലഭിക്കുകയുള്ളുവെന്നും പലരും അഭിപ്രായപ്പെടുന്നു. ചായ ഉണ്ടാക്കുന്നതുകൊണ്ടുതന്നെ ഉപയോഗിച്ച് കഴിഞ്ഞ ചായപ്പൊടിയും എല്ലാ വീടുകളിലും കാണും. ഇനി അത് വെറുതെ വലിച്ചെറിയാതെ ഇങ്ങനെ ഉപയോഗിച്ച് നോക്കാം.

വീണ്ടും ഉപയോഗിക്കാനായി ആദ്യം തന്നെ ഉപയോഗം കഴിഞ്ഞ ചായപ്പൊടിയില്‍ നിന്നും ചായപ്പെടിയും പഞ്ചസാരയും പാലിന്റെയും അംശം മാറ്റണം. അതിനായി ചായപ്പൊടി നല്ല വെള്ളത്തില്‍ മൂന്ന് നാല് തവണ കഴുകി ഉണക്കി ഒരു ബോട്ടിലിലാക്കി വയ്ക്കാം. ശേഷം ഈ ചായപ്പൊടി കുറച്ച് വെള്ളത്തിലിട്ട് തിളപ്പിക്കാം. ഇത് ഒരു സ്‌പ്രെ ബോട്ടിലിലാക്കുക. ഇതിലേക്ക് ഒന്ന് രണ്ട് തുള്ളി പുല്‍തൈലമോ എസന്‍ഷ്യല്‍ ഒയിലോ ചേര്‍ക്കാം. പിന്നീട് ഇത് അണുനാശിനിയായി ഉപയോഗിക്കാം. ഇവ ചേര്‍ക്കാതെയാണ് ചായവെള്ളം സ്‌പ്രെ ചെയ്യുന്നതെങ്കില്‍ ക്രോക്കറിയും കണ്ണാടിയും നന്നായി തിളങ്ങും.

തീർന്നില്ല, ഇനി ചട്ടിയില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് ഒരു വളമായും തേയിലച്ചണ്ടി ഉപയോഗിക്കാം. ചെടികളെ തഴച്ച് വളരാനായി ഇത് സഹായിക്കും.
തേയില ഇട്ട് തിളപ്പിച്ച വെള്ളം തണുപ്പിച്ചതിന് ശേഷം മുടിക്ക് പ്രകൃതിദത്തമായ കണ്ടീഷണറായി ഉപയോഗിക്കാം. ഇത് മുടിക്ക് കരുത്തും തിളക്കവും നല്‍കും.

അമിതമായ ഈര്‍പ്പം ആഗിരണം ചെയ്യാന്‍ ഈര്‍പ്പം തങ്ങി നില്‍ക്കാൻ സാധ്യതയുള്ള ക്യാബിനറ്റുകള്‍ക്കുള്ളിലും ഈ തേയില തുറന്ന പാത്രത്തിലാക്കി സൂക്ഷിക്കുക. ഇതില്‍ എസന്‍ഷ്യല്‍ ഓയിലും ചേര്‍ക്കാം , തുടര്‍ന്ന് ക്യാബിനറ്റുകള്‍ക്ക് നല്ല സുഗന്ധം ലഭിക്കാനായി സഹായിക്കും. ഈര്‍പ്പം തങ്ങിനില്‍ക്കാതെ സഹായിക്കുകയും ചെയ്യും.

ഫ്രിഡ്ജിനുള്ളില്‍ കുറച്ച് നേരം ഒരു തുറന്ന ബൗളില്‍ ഈ ചായപ്പൊടി ഇട്ട് സൂക്ഷിക്കുക. ഇത് ഫ്രിഡ്ജിനുള്ളിലെ ദുര്‍ഗന്ധം മുഴുവന്‍ വലിച്ചെടുക്കുകയും ഫ്രിഡ്ജ് ഫ്രെഷായി സൂക്ഷിക്കാനും സഹായിക്കുന്നു.