Sports

ഇന്ത്യന്‍ ഫുട്‌ബോളിന് ഇതിനേക്കാള്‍ അപമാനം ഇല്ല ; അഫ്ഗാന്റെ ബി ടീമിനോട് തോറ്റു, ലോകകപ്പ് യോഗ്യത തീര്‍ന്നു

ചൊവ്വാഴ്ച (മാര്‍ച്ച് 16) ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ വൈക്കിംഗ് ക്ലാപ്പ് കാണാനിരുന്ന ആരാധകര്‍ക്ക് നിരാശ. ലോകകപ്പ് യോഗ്യതാമത്സരത്തില്‍ അഫ്ഗാനിസ്ഥാന്റെ ബി-ടീമിനെതിരെ ഇന്ത്യ 1-2 എന്ന നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. ഈ തോല്‍വി 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടാനുള്ള ടീമിന്റെ സാധ്യതകളെ ഇല്ലാതാക്കി. ആദ്യപകുതി മുന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയില്‍ ഇന്ത്യ രണ്ട് തവണ വഴങ്ങി.

രാജ്യത്തിന് വേണ്ടി തന്റെ 150-ാം കളി കളിക്കുന്ന സുനില്‍ഛേത്രി 37-ാം മിനിറ്റില്‍ പെനാല്‍റ്റി സ്പോട്ടില്‍ നിന്ന് ഒരു ഗോള്‍ നേടി. വിജയത്തിന് ശേഷം, അഫ്ഗാനിസ്ഥാന്‍ ടീം വൈക്കിംഗ് ക്ലാപ്പ് ആഘോഷം നടത്തിയപ്പോള്‍ ഇന്ത്യന്‍ കളിക്കാരോടും പരിശീലകരോടും ഫുട്‌ബോള്‍ ബോര്‍ഡിനോടുമുള്ള അമര്‍ഷം കാണിക്കാന്‍ ആരാധകര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഓണ്‍ലൈനില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട നിമിഷമാണിതെന്ന് ഓണ്‍ലൈനില്‍ ആരാധകര്‍ അവകാശപ്പെട്ടു.

മത്സരത്തിലുടനീളം ‘സ്റ്റിമാക് ഔട്ട്’ എന്ന ഇടയ്ക്കിടെ ആരാധകര്‍ ശബ്ദമുയര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചില വീഡിയോകളില്‍ സ്റ്റേഡിയത്തിന് പുറത്ത് ആരാധകര്‍ ക്രൊയേഷ്യനെ കളിയാക്കുന്നത് കാണാമായിരുന്നു. ജനപ്രിയനായ ആഷ്ലി വെസ്റ്റ്വുഡായിരുന്നു അഫ്ഗാന്‍ ടീമിന്റെ പരിശീലകന്‍. 70-ാം മിനിറ്റില്‍ ഇന്ത്യന്‍ ഡിഫന്‍സിന്റെയും ഗോളിയുടെയും പിഴവില്‍ അഫ്ഗാന്‍ ഗോള്‍ നേടി. തുടര്‍ച്ചയായ അഫ്ഗാന്‍ ആക്രമണത്തില്‍ സമ്മര്‍ദം വര്‍ധിച്ച സന്ധു അവസാന മിനിറ്റില്‍ പെനാല്‍റ്റി വഴങ്ങുകയും ചെയ്തു.

തോല്‍വി സ്റ്റിമാക്കിന്റെ ഭാവിയെ കുറിച്ച് ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തുന്നു, പ്രത്യേകിച്ച് ടീം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് ക്രൊയേഷ്യന്‍ നേരത്തേ പറഞ്ഞിരുന്നു. ഈ വര്‍ഷം ജനുവരിയിലെ ഏഷ്യന്‍ കപ്പിന് മുമ്പ്, 2027 എഎഫ്സി ഏഷ്യന്‍ കപ്പിലേക്ക് നേരിട്ട് പ്രവേശനം ബുക്ക് ചെയ്തതിനാല്‍ കോണ്ടിനെന്റല്‍ കപ്പിനെക്കാള്‍ മൂന്നാം റൗണ്ടിലേക്കുള്ള യോഗ്യതയ്ക്കാണ് താന്‍ മുന്‍ഗണന നല്‍കിയതെന്ന് സ്റ്റിമാക് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, രണ്ട് കളികളിലും സ്റ്റിമാക് പരാജയപ്പെട്ടു.