Featured Oddly News

രാംലീലയിൽ ‘രാമന്റെ’ അമ്പേറ്റ് ‘രാവണന്’ കാഴ്ച നഷ്ടമായി; ജാതീയ അധിക്ഷേപമെന്നും പരാതി, സംഘാടകർക്കെതിരെ കേസ്

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ രാംലീല ആഘോഷങ്ങൾക്കിടെയുണ്ടായ ദൗർഭാഗ്യകരമായ ഒരപകടം ഇപ്പോൾ നിയമപോരാട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വർഷം നവംബർ 13-ന് ഷാഹ്‌ഗഞ്ചിൽ നടന്ന പരിപാടിയിൽ രാവണനായി വേഷമിട്ട സുനിൽ കുമാർ എന്ന യുവാവിന്, രാമനായി വേഷമിട്ട നൈതിക് പാണ്ഡെ തൊടുത്ത അമ്പ് അബദ്ധത്തിൽ കണ്ണിൽ തട്ടി കാഴ്ച നഷ്ടമായി.

യുദ്ധരംഗം അഭിനയിക്കുന്നതിനിടെ ലക്ഷ്യംതെറ്റി വലതുകണ്ണിൽ അമ്പ് കൊള്ളുകയും കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.

സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പരിപാടിയുടെ സംഘാടകനായ രാംസനേഹി സിങ്ങോ അമ്പ് തൊടുത്ത നൈതിക് പാണ്ഡെയോ തനിക്ക് ചികിത്സാസഹായമോ നഷ്ടപരിഹാരമോ നൽകാൻ തയ്യാറായില്ലെന്ന് സുനിൽ കുമാർ ആരോപിക്കുന്നു.

സഹായം അഭ്യർത്ഥിച്ച് നൈതികിന്റെ വീട്ടിൽ ചെന്നപ്പോൾ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്. സംഘാടകരിൽ നിന്നും സമാനമായ ദുരനുഭവം ഉണ്ടായതിനെത്തുടർന്ന് ജനുവരി 23-നാണ് സുനിൽ കുമാർ പൊലീസിൽ പരാതി നൽകിയത്. നിലവിൽ ദളിത് യുവാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.