വലിയ പണച്ചിലവില്ലാതെ എങ്ങനെ കാര്യങ്ങൾ എളുപ്പത്തിലാക്കാം എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ എപ്പോഴും ഇത്തരം കുറുക്കുവഴികൾ ഫലം കാണണമെന്നുമില്ല. ചിലപ്പോൾ ഇതുപോലെയുള്ള പ്രവണതകളുടെ അനന്തരഫലം ഗുരുതരമായിരിക്കും. ഏതായാലും ചില നേരങ്ങളിൽ ഇത്തരത്തിലുള്ള അനന്തരഫലങ്ങൾ നല്ലതാണ്. കാരണം അവ നമ്മളെ തിരിച്ചറിവിലേക്ക് നയിച്ചേക്കാം. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടത്.
നമ്മുക്കറിയാം പെൺകുട്ടികൾക്കു പൊതുവെ മുടി സ്റ്റൈൽ ചെയ്ത് നടക്കാൻ വലിയ ഇഷ്ടമാണ്. എന്നാൽ ഇതല്പം ചിലവ് പിടിച്ച പരുപാടിയുമാണ്. ഇത് ഒഴിവാക്കാൻ ഇവിടെ ഒരു യുവതി വളരെ എളുപ്പം എന്നു തോന്നിക്കുന്ന ഒരു മാർഗത്തിലൂടെ തന്റെ മുടി നേരെയാക്കാൻ ശ്രമിക്കുന്നതും ഒടുവിൽ മുടി കത്തിക്കരിയുന്നതുമാണ് വീഡിയോയിൽ ഉള്ളത്.
@miniandmimivibes എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു സ്ത്രീ ഗ്യാസ് സ്റ്റൗ ഓണാക്കുന്നുതാണ് കാണുന്നത്. തുടർന്ന് തന്റെ കൈയിൽ ഇരിക്കുന്ന സ്റ്റീലിന്റെ ‘കൊടിൽ’ തീയിലേക്ക് വെച്ച് ചൂടാക്കുന്നു. കൊടിൽ ചൂടായ ശേഷം അവൾ അതൊരു ഹെയർ സ്‌ട്രൈറ്റനർ പോലെ മുടിയിൽ ഉപയോഗിക്കാൻ തുടങ്ങുന്നു. തലമുടി സ്‌ട്രെയ്‌റ്റ് ആയില്ലെങ്കിലും , ഈ കുരുട്ടുബുദ്ധിയുടെ ഫലം എന്തായിരിക്കുമെന്ന് , യുവതി സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാകില്ല. കാരണം അത്തരം ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്.
യുവതി മുടിയിൽ ചൂടുള്ള കൊടിൽ വെച്ച് താഴേക്ക് വലിച്ചതും ഒരു കൂട്ടം മുടി പൊള്ളലേറ്റ് തൊങ്ങലുമായി കരിഞ്ഞു വീണു.
ഒരു കൂട്ടം മുടി കരിഞ്ഞുപോയതുകണ്ട് യുവതി ഞെട്ടിത്തരിക്കുന്നതും പിന്നാലെ പൊട്ടിച്ചിരിക്കുന്നതനുമാണ് കാണുന്നത്. യുവതിക്ക് പെട്ടെന്ന് തന്നെ തെറ്റ് ബോധ്യപ്പെടുകയും വീഡിയോ ഇതോടെ അവസാനിക്കുകയും ചെയ്യുന്നു. നിലവിൽ, ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ആളുകൾക്കിടയിൽ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.
ജനുവരി 13 ന് അപ്‌ലോഡ് ചെയ്‌ത ഈ വീഡിയോ ഇതുവരെ 3 ലക്ഷത്തിലധികം ആളുകൾ ലൈക്ക് ചെയ്‌തു, അതേസമയം കമൻ്റ് വിഭാഗത്തിൽ നിരവധി ആളുകൾ രസകരമായ കമ്മെന്റുകളുമായി രംഗത്തെത്തി. ഒരാൾ കുറിച്ചത് , വീഡിയോ ആളുകളെ ചിരിപ്പിക്കുന്നുണ്ടാകാം, എന്നാൽ ഇത് ഒരു മുന്നറിയിപ്പ് കൂടിയാണ് എന്നാണ്. ഇത് അപകടത്തിനും കാരണമാകും. മറ്റൊരു ഉപയോക്താവ് പറഞ്ഞു, ഹേയ് സഹോദരി! എന്തിനാണ് നിങ്ങളുടെ മുടി നശിപ്പിക്കുന്നത് എന്നായിരുന്നു.