Lifestyle

ജസീക്കയ്ക്ക് ആര്‍ത്തവരക്തം അശുദ്ധമല്ല ; കപ്പില്‍ ശേഖരിക്കും, ചെടികള്‍ക്ക് വളമായി ഉപയോഗിക്കും

മിക്ക രാജ്യങ്ങളും മതവിശ്വാസങ്ങളിലും ഒരു വലിയ ചര്‍ച്ചാവിഷയവും വിലക്കപ്പെട്ടതും അശുദ്ധിയുടെ പ്രതീകമായുമാണ് ആര്‍ത്തവരക്തത്തെ കരുതുന്നത്. എന്നാല്‍ കോസ്റ്റാറിക്കക്കാരി ജെസീക്ക മക്കാസന് അത് പ്രകൃതി വിഭവമാണെന്ന് മാത്രമല്ല ചെടികളെ തഴച്ചുവളര്‍ത്താന്‍ സഹായിക്കുന്ന വളവുമാണ്. ആര്‍ത്തവരക്തം ശേഖരിക്കുകയും അത് ചെടികള്‍ നനയ്ക്കുന്നതിനായി ഉപയോഗിക്കുകയുമാണ് ഇവര്‍. ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആര്‍ത്തവ കപ്പ് ഉപയോഗിച്ചാണ് രക്തം ശേഖരിക്കുന്നത്. അത് പിന്നീട് ഒരു കുപ്പിയിലേക്ക് ഒഴിച്ച് വെള്ളം ഉപയോഗിച്ച് നേര്‍പ്പിക്കുന്നു. പിന്നീട് ഒരു സ്‌പ്രേ ബോട്ടില്‍ ഉപയോഗിച്ച് ചെടികള്‍ നനയ്ക്കാന്‍ ഉപയോഗിക്കുന്നു. നൈട്രജനും പൊട്ടാസ്യവും നല്‍കുന്നതിനാല്‍ ആര്‍ത്തവ രക്തം ചെടികള്‍ക്ക് നല്ലതാണെന്ന് ജെസീക്കയുടെ വാദം. ആര്‍ത്തവരക്തം ശേഖരിക്കുന്നതിനെ മാജിക്കല്‍ എന്നാണ് ഇവര്‍ വിളിക്കുന്നത്.

ഗര്‍ഭാശയത്തിന്റെ പുരാതന പാരമ്പര്യങ്ങളെക്കുറിച്ചു പറയുന്ന പുരാതനവും ഗോത്രാചാരവുമായ ഷാമനിസം അറിഞ്ഞതോടെയാണ് ആര്‍ത്തവം ഭൂമിക്ക് തന്നെ തിരിച്ചു കൊടുക്കണമെന്നുമുള്ള തത്വജ്ഞാനത്തില്‍ ജെസീക്ക എത്തിയത്. ഷാമനിസം പരിശീലിച്ചത് ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തിന്റെ ‘പ്രാധാന്യവും’ ‘ശക്തിയും’ മനസ്സിലാക്കാനുള്ള ‘ആഴത്തിലുള്ള ഒരു യാത്ര’യില്‍ തന്നെ എത്തിച്ചെന്ന് ഇവര്‍ പറയുന്നു.

അതേസമയം ഓരോ സ്ത്രീയുടെയും ആര്‍ത്തവ രക്തത്തില്‍ സോഡിയം, കാല്‍സ്യം, ഇരുമ്പ് എന്നിവയുടെ അളവ് വ്യത്യസ്തമാണ്. ഇക്കാരണത്താല്‍, ഉപ്പ് നിങ്ങളുടെ ചെടികളെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് രക്തത്തില്‍ ‘വെള്ളം’ ചേര്‍ക്കുന്നത്. ജെസീക്ക ഇപ്പോള്‍ ആര്‍ത്തവചക്രം സമന്വയിപ്പിക്കുന്ന ഒരു പരിശീലകയാണ്, കൂടാതെ മറ്റുള്ളവരെ അവരുടെ സ്വന്തം ഷാമന്‍ യാത്രയിലും സഹായിക്കുന്നു.