Celebrity

യൂസ്‌വേന്ദ്ര ചഹലിന്റെ ഭാര്യ ധനശ്രീ അഭിനയരംഗത്തേക്ക്; തെലുങ്ക് സിനിമയില്‍ നായിക

ഭര്‍ത്താവ് യൂസ്‌വേന്ദ്ര ചഹല്‍ സ്പിന്നറായി തകര്‍പ്പന്‍ മുന്നേറ്റം നടത്തുമ്പോള്‍ നൃത്തത്തിലൂടെയാണ് ഭാര്യ ധനശ്രീ വര്‍മ്മ പ്രശസ്തയാകുന്നത്. ഇതിന് പിന്നാലെ തെലുങ്ക് ചലച്ചിത്രമേഖലയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരാന്‍ തയ്യാറെടുക്കുകയാണ് ധനശ്രീ.

നിര്‍മ്മാതാവ് ദില്‍ രാജുവിന്റെ ബാനറില്‍ തെലുങ്ക് സിനിമയിലാണ് ധനശ്രീ ആദ്യമായി അഭിനയിക്കുമെന്നാണ് ഇന്ത്യ ഗ്ലിറ്റ്സിലെ റിപ്പോര്‍ട്ട്. 2025ല്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ കൊറിയോഗ്രാഫര്‍ യശ്വന്ത് ആണ് നായകന്‍.

സഭാ നായകന്‍, സിഐഎ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ മലയാള നടി കാര്‍ത്തിക മുരളീധരനും ഇതില്‍ അഭിനയിക്കും. ചിത്രത്തില്‍ ഒരു നിര്‍ണായക വേഷം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ശശികുമാര്‍ മുതുലൂരി ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. കാര്‍ത്തികിനെ സംഗീതസംവിധായകനായി തിരഞ്ഞെടുത്തേക്കും.

നര്‍ത്തകിയാണ് ദന്തഡോക്ടറായ 28-കാരി ധനശ്രീ സ്വന്തം നൃത്ത പരിശീലന സ്ഥാപനമായ ധനശ്രീ വര്‍മ കമ്പനി സ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍, നിര്‍മ്മാതാക്കള്‍ ഇതുവരെ വാര്‍ത്ത സ്ഥിരീകരിക്കാനും പ്രോജക്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പങ്കിടാനും തയ്യാറായിട്ടില്ല. മുംബൈയില്‍ വച്ച് ഏതാനും രംഗങ്ങള്‍ ചിത്രീകരിച്ചതായാണ് റിപ്പോര്‍ട്ട്.

ആറാം വയസ്സില്‍ നൃത്തം പഠിച്ചു തുടങ്ങിയ ധനശ്രീ പ്രശസ്ത ഭരതനാട്യം നര്‍ത്തകിയാണ്. യുട്യൂബിലും ഇന്‍സ്റ്റാഗ്രാമിലുമുള്ള ഡാന്‍സ് വീഡിയോകള്‍ അവര്‍ക്ക് ആയിരക്കണക്കിന് ആരാധകരെ നേടിക്കൊടുത്തു. യുസ്വേന്ദ്ര ചാഹലുമായുള്ള വിവാഹത്തോടെ പ്രശസ്തി പിന്നെയും വര്‍ദ്ധിച്ചു. വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ 2020ലാണ് ഇരുവരും വിവാഹിതരായത്.