Sports

യാതൊരു കായിക പശ്ചാത്തലവും ഇല്ലാത്ത പെട്രോള്‍പമ്പ് ജീവനക്കാരന്‍ ; വളര്‍ത്തിയെടുത്തത് ഇന്ത്യന്‍ ചാമ്പ്യന്‍ അത്ലറ്റിനെ

ഫരീദാബാദിലെ ബല്ലഭ്ഗഢിലെ ജവാന്‍ ഗ്രാമത്തിലെ ജഗ്ബീര്‍ ലാംബ അഭിമാനത്തിലാണ്. കാരണം ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് വെങ്കല മെഡല്‍ നേടിയ മകള്‍ പ്രീതി കുടുംബത്തിന് താമസിക്കാന്‍ വലിയൊരു വീട് പണിയുകയാണ്. അതിന്റെ ആദ്യനില പൂര്‍ത്തിയായി കഴിഞ്ഞിരിക്കുകയാണ്. അത് അവള്‍ മാതാപിതാക്കള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്.

അടുത്തുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരനായ ജഗ്ബീര്‍ ജീവിത സാഹചര്യങ്ങളോട് പടവെട്ടിയാണ് മകളെ കായികതാരമാക്കി മാറ്റിയത്. കുടുംബത്തിന് ഒരു അന്താരാഷ്ട്ര കായികതാരത്തെ വളര്‍ത്താനുള്ള പണമോ സാംസ്‌കാരിക പരിചയമോ ഉണ്ടായിരുന്നില്ല. ഖോ ഖോ കളിയില്‍ മികവുള്ളയാളായിട്ടും അദ്ദേഹത്തിന് കായികതാരമാകാന്‍ കഴിയാതെ പോയയാളാണ് ജഗ്ബീര്‍. പക്ഷേ 13-ാം വയസ്സില്‍ മകള്‍ പ്രായഗ്രൂപ്പ് സംസ്ഥാന മീറ്റുകളില്‍ വിജയിച്ചതോടെ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ഒട്ടേറെ പ്രതിസന്ധികളെ മറികടന്നാണ് ജഗ്ബീര്‍ ലാംബ മകളെ കായികതാരമാക്കി ഉയര്‍ത്തിയെടുത്തത്. പകുതി കര്‍ഷകനും അടുത്തുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരനുമായ ജഗ്ബീറിന്റെ കുടുംബത്തിന് ഒരു അന്താരാഷ്ട്ര കായികതാരത്തെ വളര്‍ത്താനുള്ള പണമോ സാംസ്‌കാരിക പരിചയമോ ഉണ്ടായിരുന്നില്ല. ”ഇത് ഒരു ഇടത്തരം കുടുംബത്തിന് ബുദ്ധിമുട്ടാണ്. നമ്മള്‍ പണം ക്രമീകരിച്ചാലും, അത് എവിടെ ചെലവഴിക്കും? എങ്ങിനെ ചെലവഴിക്കും എന്തിന് വേണ്ടി ചെലവഴിക്കണം എന്നതെല്ലാം പ്രശ്‌നമാണ്. ഞങ്ങള്‍ ഒരിക്കലും അവള്‍ക്ക് ഒരു പ്രോട്ടീന്‍ ഷേക്കുകളോ ജ്യൂസോ വാങ്ങിക്കൊടുത്തിട്ടില്ല. പ്രീതി ചെറുപ്പമായിരുന്നപ്പോള്‍ അവള്‍ക്ക് ഊര്‍ജ്ജമുണ്ടാകാന്‍ ഞാന്‍ ബദാം ചതച്ച് പാനീയം ഉണ്ടാക്കിക്കൊടുക്കുമായിരുന്നു,” അദ്ദേഹം പറഞ്ഞു.

കരിയറിന്റെ ആദ്യ വര്‍ഷങ്ങളില്‍ വലിയ അക്കാദമികളോ മറ്റു സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ഏറ്റവുംഅടുത്ത സ്‌റ്റേഡിയം പോലും 25 കിലോമീറ്റര്‍ അകലെയായിരുന്നു. പ്രീതിയുടെ കരിയര്‍ പക്ഷേ വഴിതിരിച്ചുവിട്ടത് പ്രാദേശിക പരിശീലകനായ മരണപ്പെട്ട റോഷന്‍ ലാല്‍ മാലിക്കായിരുന്നു. ഡയറ്റ് പ്ലാനുകളിലും വ്യായാമത്തിലും പരിശീലനത്തിലും അദ്ദേഹം തുടക്കത്തില്‍ സഹായിച്ചു. ഏത് ഉപകരണങ്ങള്‍ വാങ്ങണമെന്നതടക്കം ഉപദേശങ്ങളും നല്‍കി. ഈ വര്‍ഷത്തെ തന്റെ ലക്ഷ്യം ഏഷ്യാഡ് മെഡല്‍ നേടുകയാണെന്നായിരുന്നു മുമ്പത്തെ ഒരു അഭിമുഖത്തില്‍ പ്രീതി പറഞ്ഞത്. ഏഴ് മാസങ്ങള്‍ക്ക് ശേഷം താരം അത് സാധ്യമാക്കിയപ്പോള്‍ നാലു ദിവസത്തേക്ക് തങ്ങളുടെ കണ്ണീര്‍ തോര്‍ന്നില്ലെന്ന് ജഗ്ബീര്‍ ലാംബ പറഞ്ഞു.