Lifestyle

മരണരഹസ്യം ഒളിഞ്ഞിരിക്കുന്ന 500 വജ്രങ്ങള്‍ പതിച്ച നെക്ലസ് ലേലത്തിന്; പ്രതീക്ഷിക്കുന്നത് 24 കോടി രൂപ

ഫ്രഞ്ച് രാജ്ഞി മാരി ആന്റോണെറ്റുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന 18-ാം നൂറ്റാണ്ടിലെ നെക്ലസ് ലേലത്തിനെത്തുന്നു. വില്‍പ്പനക്കെത്തിക്കുന്നതാവട്ടെ പ്രമുഖ ഫൈന്‍ ആര്‍ട്ട് കമ്പനിയായ സോതെബീസാണ്. ഏതാണ്ട് 500 വജ്രങ്ങള്‍ പതിച്ച നെക്ലസാണിത്. വില്‍പ്പനത്തുകയായി പ്രതീക്ഷിക്കുന്നത് 25 കോടി രൂപയും.

ഈ നെക്ലസ് വെറും ഒരു നെക്ലസ് അല്ല . ഇതിന് പിന്നിലായി പല കഥകളും പ്രചരിക്കുന്നുണ്ട്. ഫ്രഞ്ച് രാജ്ഞി മാരി ആന്റോണെറ്റിന്റെ മരണവുമായി ഈ നെക്ലസിന് ബന്ധമുണ്ടെന്ന് കരുതുന്നു. ലേലം നടക്കുന്നത് നവംബറിലാണ്. ഏഷ്യയിലെ സ്വകാര്യ ശേഖരത്തിലുള്ള ആഭരണം നവംബര്‍ 11ന് ജനീവയിലെത്തും. ഒക്ടോബര്‍ 25 മുതല്‍ ഓണ്‍ലൈന്‍ ലേലത്തിന് തുടക്കമാകും.

മൂന്ന് നിരകളിലായി വജ്രങ്ങള്‍ പതിച്ച രീതിയിലാണ് നെക്ലസിന്റെ ഡിസൈന്‍. ഇതിന്റെ അറ്റത്തായി വജ്രങ്ങള്‍ കൊണ്ടുള്ള മനോഹരമായ അലുക്കുകളുമുണ്ട്.1937ല്‍ ജോര്‍ജ് നാലമന്റെയും 1953ല്‍ എലിസബത്ത് രാജ്ഞിയുടെയും കിരീടധാരണ ചടങ്ങില്‍ മാത്രമാണ് ഈ ആഭരണം പൊതുചടങ്ങില്‍ അണിഞ്ഞട്ടുള്ളതെന്നാണ് സൂചന. ഗോല്‍ക്കൊണ്ട വജ്രഖനിയില്‍ നിന്നുള്ളതാണ് നെക്ലസിലെ വജ്രങ്ങളെന്നു കരുതുന്നു. നീണ്ട 50 വര്‍ഷത്തിന് ശേഷമാണ് ആഭരണം പൊതുയിടത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

നെക്ലസ് ഫ്രഞ്ച് വിപ്ലവത്തിന് മുന്‍പ് നിര്‍മിക്കപ്പെട്ടതാണിതെന്ന് കരുതുന്നു. ഈ നെക്ലസിന് കാലമിത്ര കഴിഞ്ഞിട്ടും മോടിക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ല. ഇപ്പോഴും കേടുപാടുകളൊന്നും തന്നെ സംഭവിക്കാതെ മനോഹരമായി ഈ നെക്ലെസ് ഇരിക്കുന്നത് അത്ഭുതമാണെന്ന് ലേലം നടത്തുന്ന കമ്പനി അറിയിച്ചു.