Good News

പ്രായം നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഒന്നുമല്ല; 76-ാം വയസില്‍ പിഎച്ച്ഡി നേടിയ തെലങ്കാനക്കാരന്‍

റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞാല്‍ പിന്നെ കൊച്ചുമക്ക​ളെ നോക്കി വീട്ടുകാര്യങ്ങള്‍ നോക്കി ഇരിക്കേണ്ട കാലമാണെന്നാണ് വയ്പ്പ്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തെ പ്രായത്തിന് വെല്ലുവിളിക്കാനാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് തെലങ്കാനയിലെ മിര്യാലഗുഡ സ്വദേശി മുഹമ്മദ് ഇസ്മായില്‍. 76-ാം വയസില്‍ ഹിന്ദി ഭാഷയില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയാണ് മുഹമ്മദ് ഇസ്മായില്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ഡോ. ബിആര്‍ അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഇസ്മായിലില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്. ഉന്നതവിദ്യാഭ്യാസത്തിന് താല്‍പ്പര്യമില്ലാത്ത പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ബിരുദം ഏറ്റുവാങ്ങിയ ശേഷം തെലങ്കാന ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ഇസ്മായില്‍ പറഞ്ഞത്.

‘‘2018-ലാണ് ഡോ. ബിആര്‍ അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ഹിന്ദി പിഎച്ച്ഡി നേടുന്നതിനുള്ള ഗവേഷണം ആരംഭിച്ചത്. അത് വിജയകരമായി പൂര്‍ത്തിയാക്കാനായി. ഇതിലൂടെ ഒരുപാട് അറിവ് നേടാനും എനിക്ക് കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു.

ഇസ്മയിലിനൊപ്പം ഗവേഷണം പൂര്‍ത്തിയാക്കിയ 20 പേരില്‍ വീട്ടമ്മമാരും തടവുകാരനും ഓട്ടോ ഡ്രൈവറും ഉള്‍പ്പെടുന്നു. രാജ്യത്തെ ആദ്യ ഓപ്പണ്‍ യൂണിവേഴ്സിറ്റിയായ ബിആര്‍എഒയുവിലെ വിദ്യാര്‍ഥികളുടെ വൈവിധ്യമാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് യുജിസി ചെയര്‍മാന്‍ പ്രൊഫസര്‍ എം ജഗദീഷ് കുമാര്‍ പറഞ്ഞു.