Movie News

ജപ്പാനിലെ ഭൂകമ്പത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു; അനുഭവ കുറിപ്പുമായി ജൂനിയര്‍ എന്‍ടിആര്‍

ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെ ജപ്പാനില്‍ ഉണ്ടായ ഭൂകമ്പം ലോകത്തെയാകെ നടുക്കുന്നതായിരുന്നു. ഇപ്പോള്‍ ഭൂകമ്പത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെടാന്‍ സാധിച്ചതിനെ കുറിച്ച് പങ്കുവെയ്ക്കുകയാണ് ജൂനിയര്‍ എന്‍ ടി ആര്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഭൂകമ്പത്തില്‍ നിന്ന് താന്‍ രക്ഷപ്പെട്ടതിനെ കുറിച്ച് അദ്ദേഹം കുറിച്ചത്. ഭൂകമ്പമുണ്ടായ ജപ്പാനില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി ഇദ്ദേഹം ഉണ്ടായിരുന്നു.

ജപ്പാനില്‍ ഒരാഴ്ച്ച ചെലവഴിച്ച ശേഷം താന്‍ സുരക്ഷിതനായി തന്നെ നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു എന്നാണ് താരം കുറിയ്ക്കുന്നത്. ജപ്പാനിലെ ഭൂചലനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു, രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ നടപടികളും അവിടെ പുരോഗമിക്കുകയാണെന്നും ദുരന്തത്തില്‍ അകപ്പെട്ടവരോടൊപ്പമാണ് തന്റെ ഹൃദയമെന്നും താരം ട്വിറ്ററില്‍ കുറിച്ചു. ജപ്പാന്റെ വേഗത്തിലുള്ള വീണ്ടെടുക്കലാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ജൂനിയര്‍ എന്‍ ടി ആര്‍ കൂട്ടിച്ചേര്‍ത്തു.

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ദേവാരയയാണ് ജൂനിയര്‍ എന്‍ടിആറിന്റെ പുതിയ ചിത്രം. രണ്ട് ഭാഗങ്ങളുള്ള സിനിമയുടെ ആദ്യ ഭാഗം ഏപ്രില്‍ 5 ന് പുറത്തിറങ്ങും. ജൂനിയര്‍ എന്‍ടിആറും ജാന്‍വി കപൂറും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു.

അതേസമയം, റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടര്‍ ചലനങ്ങളും സുനാമിയും ഉണ്ടായ ജപ്പാനില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഭൂകമ്പത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായാണ് ഇതു വരെയുള്ള കണക്കുകള്‍. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ നടപടികളും പുരോഗമിക്കുകയാണ്. ഭൂകമ്പത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ നോട്ടോ പെനിന്‍സുല മേഖലയിലേക്ക് ആയിരത്തോളം സൈനികരെ അയച്ചിട്ടുണ്ട്. എന്നാല്‍ ഭൂചലനത്തെ തുടര്‍ന്ന് താറുമാറായ റോഡുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നതായാണ് റിപ്പോര്‍ട്ട്.