മൃഗങ്ങള്‍ക്കിടയിലും ‘മദ്യപാനി’കളുണ്ടെന്നു യു.കെയിലെ എക്‌സിറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. കുരങ്ങുകള്‍, ചിമ്പാന്‍സികള്‍, ചില പക്ഷികള്‍ എന്നിവയാണു ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ തെരഞ്ഞുപിടിച്ചു കുടിക്കുന്നത്. മദ്യത്തിലെ പ്രധാന ഘടകമായ എഥനോള്‍ അടങ്ങിയ പഴങ്ങളും തേനുമാണു മൃഗങ്ങളും പക്ഷികളും കഴിക്കുന്നത്.
പുളിപ്പിച്ച പഴങ്ങളില്‍ സാധാരണയായി രണ്ട് ശതമാനം വരെ ആല്‍ക്കഹോള്‍ (എ.ബി.വി.) ഉണ്ട്, എന്നാല്‍ പനാമയിലെ ഇൗന്തപ്പന പോലുള്ള ചില പഴങ്ങളില്‍ 10.2 ശതമാനം എ.ബി.വി. ഉണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു.
മനുഷ്യരെപ്പോലെ തന്നെ എഥനോള്‍ മനഃപൂര്‍വ്വം കഴിക്കുന്ന ഏറ്റവും വലിയ ഗ്രൂപ്പുകളില്‍ ൈപ്രമേറ്റുകളും ഉള്‍പ്പെടും. ചിമ്പാന്‍സികള്‍ ഇല സ്‌പോഞ്ചുകള്‍ ഉപയോഗിച്ച് എഥനോള്‍ സാന്ദ്രതയുള്ള പാനീയങ്ങള്‍ ശേഖരിക്കുകയും അതു കഴിക്കുയും ചെയ്യും. വീണ്ടും അതേ പാനീയം അവ തെരയുകയും ചെയ്യുമെന്നു എക്‌സിറ്റര്‍ സര്‍വകലാശാലയിലെ അന്ന ബൗലാന്‍ഡ് പറഞ്ഞു.
എഥനോള്‍ മനുഷ്യര്‍ മാത്രം ഉപയോഗിക്കുന്ന ഒന്നാണെന്ന നരവംശശാസ്‌ത്രപരമായ കാഴ്‌ചപ്പാടില്‍നിന്ന് അകന്നുപോകുകയാണെന്നു ഗവേഷകനായ കിംബര്‍ലി ഹോക്കിങ്‌സ് പറഞ്ഞു. ‘നമ്മള്‍ മുമ്പ് വിചാരിച്ചതിനേക്കാള്‍ പ്രകൃതിയില്‍ മദ്യം വളരെ സമൃദ്ധമാണ്, പഞ്ചസാര പഴങ്ങള്‍ കഴിക്കുന്ന മിക്ക മൃഗങ്ങളും ഒരു പരിധിവരെ എഥനോളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്’ – അവര്‍ പറഞ്ഞു.
കാട്ടിലെ മൃഗങ്ങളുടെ ഭക്ഷണ തെരഞ്ഞെടുപ്പാണു ഗവേഷകര്‍ പഠിച്ചത്. ക്രമരഹിതമായ ഭക്ഷണ മുന്‍ഗണന പരീക്ഷണങ്ങള്‍ പരിശോധിച്ചപ്പോള്‍, മൃഗങ്ങള്‍ ഉയര്‍ന്ന അളവില്‍ എഥനോള്‍ അടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സാധ്യത കൂടുതലാണെന്ന് സംഘം കണ്ടെത്തി. ചിംബാന്‍സികള്‍ പുളിപ്പിച്ച തേന്‍ കുടിക്കാന്‍ അവര്‍ ഇലകള്‍ ഉപയോഗിക്കുകയും എഥനോളിന്റെ ഉയര്‍ന്ന സാന്ദ്രത അവഗണിക്കുകയും ചെയ്യുന്നു
എഥനോള്‍ അടങ്ങിയ ഭക്ഷണം കഴിച്ച ശേഷം മൃഗങ്ങള്‍ വിചിത്രമായി പെരുമാറുന്നുവെന്ന് അവകാശവാദങ്ങളുണ്ട്.
എഥനോള്‍ ഫലപ്രദമായി ഉപാപചയമാക്കാന്‍ ഈ മൃഗങ്ങള്‍ കാലക്രമേണ പൊരുത്തപ്പെട്ടിട്ടുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു, പക്ഷേ അവര്‍ മനഃപൂര്‍വം എഥനോള്‍ കഴിക്കുന്നുണ്ടോ എന്ന് ഇപ്പോഴും വ്യക്‌തമല്ല..
