Travel

നല്ല രക്തച്ചുവപ്പില്‍ ഒരു തടാകം ; ലഗുണ കൊളറാഡ എന്ന അവിശ്വസനീയമായ പ്രകൃതി അത്ഭുതം?

പുകയുന്ന അഗ്നിപര്‍വ്വതങ്ങള്‍, ഡാലി-എസ്‌ക്യൂ പാറക്കൂട്ടങ്ങള്‍, തിളയ്ക്കുന്ന ചെളി, ഒഴുകുന്ന മഞ്ഞ്, ഉയര്‍ന്നുനില്‍ക്കുന്ന വിശാലമായ ആന്‍ഡീസ് പര്‍വ്വതനിരകള്‍. ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയന്‍ ആള്‍ട്ടിപ്ലാനോയുടെ തെക്ക് പടിഞ്ഞാറന്‍ മൂലയിലേക്ക് പോയാല്‍ ഭ്രമിപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന, മറ്റൊരു ഭൂപ്രകൃതി കാണാം. കണ്ടു പരിചയിച്ചിട്ടുള്ള ഭൂമികയില്‍ നിന്നും വ്യത്യസ്തമായ ഇവിടം മറ്റൊരു ലോകത്താണെന്ന തോന്നല്‍ പോലും ജനിപ്പിക്കും. സിലോലി മരുഭൂമിയുടെയും എഡ്വേര്‍ഡോ അവറോവ ആന്‍ഡിയന്‍ ഫൗണ നാഷണല്‍ റിസര്‍വിന്റെയും പൊടിപടലങ്ങള്‍ നിറഞ്ഞ പാതയിലൂടെ രണ്ട് ദിവസത്തെ യാത്ര ചിലിയുടെ അതിര്‍ത്തിക്കടുത്തുള്ള ആ അത്ഭുതലോകത്തെിക്കും.


പറഞ്ഞുവരുന്നത് നൂറുകണക്കിനു പിങ്ക് അരയന്നങ്ങള്‍ നിറഞ്ഞ ഒരു രക്തചുവപ്പ് നിറമുള്ള ബൊളീവിയയിലെ ‘ലഗുണ കൊളറാഡ’ തടാകത്തെക്കുറിച്ചാണ്. ‘ലഗൂണ കൊളറാഡ’ എന്നാല്‍ ‘റെഡ് ലഗൂണ്‍’ എന്നാണ് വിവര്‍ത്തനം. 6000 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന വെളുത്ത ബോറാക്സ് ദ്വീപുകളാല്‍ നിറഞ്ഞ ഒരു ആഴം കുറഞ്ഞ ഉപ്പ് തടാകം. ഒരു മീറ്റര്‍ മാത്രം ആഴമുള്ള തടാകത്തില്‍െ ജലത്തിന് കടുംചുവപ്പ് നിറമാണ്. ബൊളീവിയന്‍ നാടോടിക്കഥകളില്‍ അത് ദൈവങ്ങളുടെ രക്തമാണെന്നാണ് വിശ്വാസം. പക്ഷേ സമ്പന്നമായ ധാതുക്കളം ജലത്തിലെ സമൃദ്ധമായ ആല്‍ഗകളും തടാകത്തിന് നിറം നല്‍കാന്‍ മത്സരിക്കുന്നതാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.

വ്യക്തമായ നീലാകാശത്തില്‍ നിന്നും വിദൂര പര്‍വതങ്ങളിലെ വെളുത്ത മഞ്ഞില്‍ നിന്നും തികച്ചും വ്യത്യസ്തമായ ആഴത്തിലുള്ള സിന്ദൂര തടാകം ലോകത്തുള്ള ലാന്റ്സ്‌കേപ്പ് ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ട ഇടങ്ങളിലൊന്നാണ്. ഫോട്ടോഗ്രാഫര്‍മാര്‍ കഴിഞ്ഞാല്‍ തടാകം ഏറ്റവും പ്രിയങ്കമാകുന്നത് ഇവിടെ വരുന്ന അപൂര്‍വ്വ അരയന്നങ്ങള്‍ക്കാണ്. ചിലിയന്‍, ആന്‍ഡിയന്‍, ജെയിംസ് ഫ്ലമിംഗോ എന്നിങ്ങനെ ലോകത്തിലെ ആറ് ഇനം അരയന്നങ്ങളില്‍ മൂന്നെണ്ണത്തെയും ഇവിടെ കാണാം. ഇവയില്‍ അവസാനത്തേത് അവിശ്വസനീയമാംവിധം അപൂര്‍വമായി കണക്കാക്കുന്ന ആന്‍ഡിയന്‍ പീഠഭൂമികളില്‍ മാത്രം കാണപ്പെടുന്ന ഇനമാണ്. അരയന്നങ്ങള്‍ സ്വാഭാവികമായും വെളുത്തതാണെങ്കിലൂം ചുവന്ന ആല്‍ഗകളില്‍ തൂവലുകള്‍ കറക്കുന്നതിനാല്‍ അവയ്ക്കും പിങ്ക് നിറമാണ്. സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് വെള്ളം ഏറ്റവും ചുവന്നതായി കാണപ്പെടും. അതിരാവിലെയാണെങ്കില്‍ അഗ്നിപര്‍വ്വത ചൂടുവെള്ളം ഒഴൂമ്പോള്‍ മൂടല്‍മഞ്ഞ് ഉയരും.

തകര്‍ന്ന റോഡുകളിലൂടെ അല്‍പ്പം കൂടി മുമ്പോട്ടുപോയാല്‍ തൂവെള്ള നിറം വാരിയെറിഞ്ഞിരിക്കുന്ന ഉപ്പ് സമതലമായ ‘സലാര്‍ ഡി യുയുനി’ സന്ദര്‍ശിക്കാം. ഇവിടെ കട്ടിലുകള്‍ മുതല്‍ കസേരകള്‍ വരെ എല്ലാം ഉപ്പ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്ന ഹോട്ടലുകളുണ്ട്. സലാറിന്റെ പടിഞ്ഞാറ് ഭാഗത്താണ് ‘ഐല ഇഞ്ചഹുവാസി’. ‘ഫിഷ് ഐലന്‍ഡ്’ എന്നാണ് വിവര്‍ത്തനമെങ്കിലും അവിടെ മത്സങ്ങളുമില്ല അതൊരു ദ്വീപുമല്ല. പുരാതന ഭീമന്‍ കള്ളിമുള്‍ച്ചെടികള്‍ കൂട്ടമായി ഭീമാകാരമായി വളര്‍ന്നു നില്‍ക്കുന്ന കുന്നാണ്.

ബൊളീവിയയിലെ ഒരേയൊരു സജീവ അഗ്നിപര്‍വ്വതമായ ഒലാഗ്, പുക അലയടിക്കുന്നതും കൊത്തിവെച്ചത് പോലെ തോന്നിക്കുന്ന പാറക്കൂട്ടമായ അര്‍ബോള്‍ ഡി പീദ്രയും മറ്റു കാഴ്ചകളാണ്. ചൊവ്വയുടെ ശൈലിയിലുള്ള ലാന്‍ഡ്സ്‌കേപ്പാണ് 4850 മീറ്റര്‍ ഉയരമുള്ള ‘സോളാര്‍ ഡി മനാന’ സള്‍ഫര്‍ സ്പ്രിംഗ്സ് ഫീല്‍ഡ്. കുമിളകള്‍ നിറഞ്ഞ ചെളിക്കുളങ്ങളും ഫ്യൂമറോള്‍സ് നീരാവിയും ഇവിടുത്തെ കാഴ്ചകളാണ്. തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ 29 ഡിഗ്രി സെല്‍ഷ്യസില്‍ ഒരു ചൂടുവെള്ളക്കുളത്തിലെ നീന്തിക്കുളി എത്ര ഉന്മേഷദായകമായിരിക്കും.