Oddly News

അതികഠിനമായ ഗര്‍ഭകാലം; ഭര്‍ത്താവില്‍ നിന്നും മാസംതോറും നികുതി വാങ്ങി യുവതി, വീഡിയോ വൈറല്‍

സമൂഹ മാധ്യമത്തില്‍ നിരവധി ഫോളോവേഴ്‌സുള്ള യുകെ സ്വദേശിയാണ് കാമില ഡോ റൊസാരിയോ. കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായുള്ള കരാറിനെ കുറിച്ചുള്ള കാമിലയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഗര്‍ഭിണിയാകുന്നതിനും മക്കളെ വളർത്തുന്നതിനുമായി ഭർത്താവ് മാസം തോറും നികുതി നല്‍കുന്നുണ്ടെന്നാണ് കാമില വീഡിയോയില്‍ പറയുന്നത്.

ഈ നികുതിയെ അവര്‍ വിളിക്കുന്നത് വുമന്‍ ടാക്‌സ് എന്നാണ്. ഒരോ രണ്ടാഴ്ച കൂടുമ്പോള്‍ ഭര്‍ത്താവ് തനിക്ക് 85 പൗണ്ട് നല്‍കുന്നുണ്ടെന്ന് കാമില പറയുന്നു. ഇത്തരത്തില്‍ ഒരു വര്‍ഷം 2500 പൗണ്ട് നല്‍കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഈ തുക സ്വന്തം ആവശ്യങ്ങള്‍ക്കായിയാണ് കാമില ചിലവഴിക്കുന്നത്. സൗന്ദര്യസംരക്ഷണത്തിനാണ് പ്രധാനമായും തുക ചെലവഴിക്കുന്നത്. മാതൃത്വത്തിലൂടെ തനിക്കുണ്ടായ മാനസിക വൈകാരിക പ്രശ്‌നങ്ങളെ മറിക്കടക്കാനായി ഇതിലൂടെ ശ്രമിക്കുന്നുവെന്നും അവര്‍ പറയുന്നു. വീഡിയാേ വൈറലായതിന് പിന്നാലെ കാമിലയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളെത്തി.

തനിക്ക് ക്രൂരമായ രണ്ട് ഗര്‍ഭകാലമുണ്ടായി. എല്ലാദിവസവും ഛര്‍ദിയായിരുന്നു. പ്രസവം സിസേറിയനുമായിരുന്നു. നിങ്ങള്‍ എന്തുകൊണ്ടാണ് ഭര്‍ത്താവില്‍ നിന്നും വുമെന്‍ ടാക്‌സ് ഈടാക്കാത്തത്? ഈ നികുതി വാങ്ങിയിരിക്കണമെന്നും കാമില പറയുന്നു. മാനിക്യൂറും പെഡിക്യൂറം ചെയ്യുന്നതിലൂടെ തനിക്ക് വലിയ സന്തോഷം ലഭിക്കുന്നുവെന്നും തന്റെ വേദനകള്‍ മറക്കുന്നുവെന്നും അവര്‍ പറയുന്നു. സ്ത്രീകള്‍ക്ക് വളരെ കഠിനമായ കാലമാണിത്. അതിനാല്‍ ഭര്‍ത്താക്കന്മാര്‍ നികുതി നല്‍കാനായി ബാധ്യസ്ഥരാണെന്നും യുവതി പറയുന്നു.