വാഷിങ്‌ടണ്‍ ഡി.സി, 1975 ജൂലൈ 17. ഫ്രാന്‍സിന് മുകളില്‍ ഏകദേശം 225 കിലോ മീറ്റര്‍ ഉയരത്തില്‍, ലോകം ശ്വാസമടക്കിപ്പിടിച്ചു നോക്കിനില്‍ക്കേ ചരിത്രപരമായ ഒരു കൂടിക്കാഴ്‌ച നടന്നു. ശീതയുദ്ധത്തിന്റെ തീക്ഷ്‌ണനാളുകളില്‍ പരസ്‌പരം ബദ്ധവൈരികളായിരുന്ന അമേരിക്കയും സോവിയറ്റ് യൂണിയനും ബഹിരാകാശത്ത് കൈകോര്‍ത്ത ആ അപൂര്‍വ നിമിഷത്തിന് ഇന്ന് അരനൂറ്റാണ്ട് തികയുകയാണ്.
അപ്പോളോ-സോയൂസ് ദൗത്യം എന്ന പേരില്‍ നടന്ന ഈ സംഗമം മനുഷ്യരാശിയുടെ ബഹിരാകാശ സഹകരണ ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ്. അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളും സോവിയറ്റ് കോസ്‌മോനോട്ടുകളും ബഹിരാകാശത്ത് വച്ച് കണ്ടുമുട്ടിയത്, രാഷ്‌ട്രീയ ഭിന്നതകള്‍ക്കപ്പുറം മാനുഷിക ഐക്യത്തിന്റെ ദീപ്‌തമായ പ്രതീകമായി.
1975 ജൂലൈ 15ന് കസഖ്‌സ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍നിന്ന് സോയൂസ് വിക്ഷേപിച്ചു. ഏഴ് മണിക്കൂറിനു ശേഷം ഫേ്ലാറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് അപ്പോളോയും ബഹിരാകാശത്തേക്ക് കുതിച്ചു. ജൂലൈ 17ന് അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളില്‍ വച്ച് പേടകങ്ങള്‍ വിജയകരമായി സംയോജിച്ചു. തുടര്‍ന്ന് അമേരിക്കന്‍ യാത്രികന്‍ തോമസ് പി. സ്‌റ്റാഫോര്‍ഡും റഷ്യന്‍ യാത്രികന്‍ അലക്‌സി എ. ലിയോനോവും പരസ്‌പരം കൈകൊടുത്തു. അപ്പോളോ പേടകത്തില്‍ ഡൊണാള്‍ഡ് സേ്ലട്ടണ്‍, വാന്‍സ് ബ്രാന്‍ഡ് എന്നിവരും സോയൂസ് പേടകത്തില്‍ വലേരി കുബാസോവും യാത്രികരായുണ്ടായിരുന്നു. ഇരു പേടകങ്ങളിലെയും യാത്രക്കാര്‍ മറ്റു പേടകങ്ങള്‍ സന്ദര്‍ശിക്കുകയും ഒരുമിച്ചു പരീക്ഷണങ്ങള്‍ നടത്തുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്‌തു.
ഈ ദൗത്യം കേവലം സാങ്കേതിക വിജയം മാത്രമായിരുന്നില്ല, മറിച്ച് ശീതയുദ്ധത്തിന്റെ വേളയില്‍ രണ്ട് വലിയ ശക്‌തികള്‍ക്ക് എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ഒരു നയതന്ത്ര വിജയമായിരുന്നു.




