Crime

സ്കൂട്ടർ ഓടിക്കുന്നത് യൂണിഫോം ധരിച്ച സ്കൂൾ കുട്ടി, സൈബര്‍ലോകത്ത് വിമര്‍ശനത്തിന്റെ പെരുമഴ

പ്രായപൂര്‍ത്തിയാക്കാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നത് നിയമ ലംഘനമാണ്. എന്നാല്‍ ഈ നിയമത്തിനെ കാറ്റില്‍ പറത്തിയുള്ള പല വീഡിയോകളും നമ്മള്‍ കാണാറുണ്ട് . അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും നിറയുന്നത്. സ്‌കൂള്‍ യൂണിഫോമിലുള്ള പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോയിലെ സ്‌കൂട്ടര്‍ റൈഡര്‍. കാണുമ്പോള്‍ തന്നെ കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായില്ല എന്ന് വ്യക്തമാണ്. മുതിര്‍ന്നൊരാളെ പുറകിലിരുത്തിയാണ് യാത്ര.
വീഡിയോ പങ്കുവച്ചിരിക്കുന്നത് എക്സ് പ്ലാറ്റ്ഫോമിലാണ്.

എവിടെ നിന്നുള്ള ദൃശ്യങ്ങളാണെന്ന് പരാമര്‍ശിച്ചിട്ടില്ല. നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിനാല്‍ പുതിയ വാഹനമാകാനാണ് സാധ്യത. വളരെ ആത്മവിശ്വാസത്തോടെയാണ് കുട്ടി സ്‌കോട്ടറോടിക്കുന്നത്. ഇത്തരത്തിലുള്ള പ്രഹസനം നടക്കുന്നതാവട്ടെ വളരെ അധികം തിരക്കുള്ള റോഡിലാണ്. സ്‌കൂട്ടറിന്റെ അതേ ദിശയില്‍ തന്നെ മറ്റൊരു വാഹനത്തില്‍ സഞ്ചരിച്ചവരാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ കൈകള്‍ ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നു. ഈ യാത്രയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍വിമര്‍ശനമാണ് ഉണ്ടായത്.

ഇന്ത്യയില്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നതിനുള്ള പ്രായം 18 വയസ്സാണ് .പ്രായപൂര്‍ത്തിയാകത്തവര്‍ വാഹനം ഓടിക്കുന്നത് നിയമപരമായി തെറ്റാണ്. അത് ശ്രദ്ധയില്‍പ്പെട്ടാല്‍ തക്കതായ ശിക്ഷാനടപടികള്‍ നേരിടേണ്ടതായി വന്നേക്കാം.