Sports

പരാജയപ്പെട്ടത് 14 ഇന്നിംഗ്‌സുകളില്‍; ഒരു സെഞ്ച്വറി മാത്രം, എന്നിട്ടും എങ്ങിനെയാണ് ടീമില്‍ അവസരം കിട്ടുന്നത് ?

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ മികച്ച സെഞ്ച്വറി നേടി വിമര്‍ശനത്തില്‍ നിന്നും ശ്വാസംവിട്ട ശുഭ്മാന്‍ ഗില്‍ വീണ്ടും പഴയ സ്ഥലത്ത് തന്നെ തിരിച്ചെത്തി. വ്യാഴാഴ്ച രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായി.

ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നേരത്തെ പുറത്തായതിന് ശേഷം ബാറ്റ് ചെയ്യാന്‍ നാലാമത്തെ ഓവറില്‍ എത്തിയപ്പോള്‍, ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്ത്യയുടെ ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ ഗില്ലിലേക്ക് എല്ലാ കണ്ണുകളും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയത്. എന്നാല്‍ കഠിനവും ഉജ്ജ്വലവുമായ സ്‌പെല്ലോടെ രാവിലെ ആരംഭിച്ച മാര്‍ക്ക് വുഡ്, ഓഫ് സ്റ്റമ്പിന് ചുറ്റും കളിക്കാന്‍ ഗില്ലിനെ നിര്‍ബന്ധിച്ചു. ഒടുവില്‍ താരം കുടുങ്ങുകയും ചെയ്തു.

ഒമ്പത് പന്തുകള്‍ നേരിട്ട താരം ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാതെയാണ് മടങ്ങിയത്. ഇതോടെ മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ ‘എക്സില്‍’ ഗില്ലിന് കടുത്ത ആക്രമണമാണ്. ആരാധകര്‍ യുവാവിനെ ക്രൂരമായി മെമ്മുകളും കൂടുതലും പരിഹസിച്ചും ട്രോളി.

ശുഭ്മാന്‍ ഗില്‍ അവസാന 14 ടെസ്റ്റ് ഇന്നിംഗ്‌സ് 13(15), 18(19), 6(11), 10(12), 29*(37), 2(12), 26(37), 36(55), 10(11), 23(66), 0(2), 34(46), 104(147), 0(9) ഇങ്ങിനെയാണ്. ഒരു സെഞ്ച്വറി മാത്രമാണ് ഇതിലുള്ളത്. അര്‍ദ്ധസെഞ്ച്വറികള്‍ പോലുമില്ല. 12-13 മത്സരങ്ങള്‍ക്ക് ശേഷം ഒരു സെഞ്ച്വറി സ്‌കോര്‍ ചെയ്തു ടീമില്‍ നിലനില്‍ക്കുകയാണ്. ഇപ്പോഴും രാഹുല്‍ ദ്രാവിഡ് അദ്ദേഹത്തെ പിന്തുണയ്ക്കുകയാണെന്നാണ് ഒരു ആരാധകന്‍ രോഷം കൊണ്ടത്.