Oddly News

ലോകറെക്കോഡിന് ശ്രമിച്ചു ; ഹോട്ട് എയര്‍ ബലൂണ്‍ തീപിടിച്ച് പൊട്ടിത്തെറിച്ചു മൂന്ന് പേര്‍ മരിച്ചു

ഹൈഡ്രജന്‍ നിറച്ച ഒരു ഹോട്ട് എയര്‍ ബലൂണ്‍ തീപിടിച്ച് പൊട്ടിത്തെറിച്ചു മൂന്ന് പേര്‍ മരിച്ചു. കിഴക്കന്‍ ജോര്‍ജിയയിലെ അസുരേതി ഗ്രാമപ്രദേശത്ത് നടന്ന സംഭവത്തിന്റെ ഭയാനകമായ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാറ്റില്‍ വൈദ്യുതി ലൈനുകളിലേക്ക് പറന്നാണ് അപകടം ഉണ്ടായത്. ഹോട്ട് എയര്‍ബലൂണില്‍ ഏറ്റവും കൂടുതല്‍ ദൂരം പറന്ന് ലോകറെക്കോഡ് ഇടാന്‍ നടത്തിയശ്രമമാണ് ദുരന്തമായത്.

ബലൂണ്‍ പെട്ടെന്ന് കുഴപ്പത്തിലായി നിമിഷങ്ങള്‍ക്കകം ചുരുങ്ങി. കുന്നിന്‍ ചെരിവിലൂടെ പറന്നുനടന്ന ബലൂണ്‍ പവര്‍ലൈനുകളില്‍ തട്ടുകയും ബാസ്‌ക്കറ്റ് സെക്ഷനില്‍ പെട്ടെന്ന് അതിഭയങ്കര തീജ്വാലകള്‍ ഉണ്ടാകുകയുമായിരുന്നു. ബലൂണിന്റെ ഒരു ഭാഗം തകര്‍ന്നു കാറ്റില്‍ നിലത്തു വീണു. പരിചയസമ്പന്നരായ രണ്ട് പൈലറ്റുമാര്‍ നാവിഗേറ്റ് ചെയ്ത ബലൂണ്‍ നിയന്ത്രണം വിട്ട് പറന്നുയരുന്നര്‍ന്ന് വയലില്‍ വീണു. ശക്തമായ കാറ്റും ദുരന്തത്തിന് കാരണമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മരിച്ചവരില്‍ ഒരാള്‍ അറിയപ്പെടുന്ന ടിവി ക്യാമറാമാന്‍ മിഷ ബിഡ്‌സിനാഷ്വിലി ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജോര്‍ജിയയിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്‌കൈ ട്രാവല്‍ സ്ഥാപകനും ജോര്‍ജിയന്‍ നാഷണല്‍ എയറോനോട്ടിക്‌സ് ഫെഡറേഷന്റെ പ്രസിഡന്റുമായ പരിചയസമ്പന്നനായ പൈലറ്റായ റെവാസ് ഉതുര്‍ഗൗരി ആയിരുന്നു മരണപ്പെട്ടവരിലെ മറ്റൊരാള്‍. പോളിഷ് പൈലറ്റ് ക്രിസ്റ്റോഫ് സപാര്‍ട്ടും ബലൂണ്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജോര്‍ജിയയുടെ പടിഞ്ഞാറ് പോറ്റിയിലെ സ്റ്റേഡിയത്തില്‍ നിന്ന് ബുധനാഴ്ച രാവിലെ ബലൂണ്‍ കിഴക്ക് കഖേതിയിലേക്ക് പറക്കുകയായിരുന്നു. ഹോട്ട് എയര്‍ ബലൂണില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഫ്‌ലൈറ്റ് എന്ന ലോക റെക്കോര്‍ഡ് സ്ഥാപിക്കാന്‍ നടത്തിയ ശ്രമമാണ് അപകടത്തില്‍പ്പെട്ടത്. സുരക്ഷാ നിയമങ്ങളുടെ ലംഘനമാണെന്ന് സംശയിക്കുന്ന സംഭവത്തില്‍ ജോര്‍ജിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഏകദേശം രണ്ട് പതിറ്റാണ്ടിനിടെ ജോര്‍ജിയയില്‍ നടക്കുന്ന ആദ്യത്തെ ഹോട്ട് എയര്‍ ബലൂണ്‍ അപകടമാണിത്. മതാവാരി ടിവി ചാനലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പ്രോഗ്രാം ഷെഡ്യൂള്‍ മാറ്റിയ ഇമെഡി ടിവിയാണ് ക്യാമറാമാന്റെ മരണം സ്ഥിരീകരിച്ചത്.