Health

സ്ത്രീകള്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ യൂറിനറി ഇന്‍ഫെക്ഷന്‍ തടയാം

സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നമാണ് മൂത്രത്തില്‍ പഴുപ്പ് അഥവാ യൂറിനറി ഇന്‍ഫെക്ഷന്‍. പുരുഷന്മാരേക്കള്‍ സ്ത്രീകളിലാണ് മൂത്രത്തില്‍ പഴുപ്പിനുള്ള സാധ്യത കൂടുതല്‍. സ്ത്രീകളില്‍ മൂത്രദ്വാരവും യോനീനാളവും വളരെ അടുത്ത് സ്ഥിതിചെയ്യുന്നതാണ്. മൂത്രാശയവും മൂത്രമൊഴിക്കുന്ന ദ്വാരവും തമ്മിലുള്ള അകലം ഏകദേശം നാലു സെന്റീമീറ്റര്‍ മാത്രമാണ്. യോനീനാളത്തിലെ അണുക്കള്‍ക്ക് മൂത്രനാളം വഴി എളുപ്പം മൂത്രാശയത്തിലേക്ക് കടക്കാനും അവിടെ പെരുകാനും സാധിക്കും. അതിനാലാണ് സ്ത്രീകളില്‍ മൂത്രത്തില്‍ പഴുപ്പ് കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാരില്‍ മൂത്രാശയവും മൂത്രമൊഴിക്കുന്ന ദ്വാരവും തമ്മിലുള്ള അകലം സ്ത്രീകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. മൂത്രത്തില്‍ പഴുപ്പ് സ്ത്രീകളില്‍ ഗുരതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത ആവശ്യമാണ്. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകുന്നത് തടയാനാകും.

– ശരീരത്തില്‍ ധരാളം ജലാംശം ഉണ്ടായിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. ജലാംശം കൂടുതലുള്ളപ്പോള്‍ ഇടവിട്ട് മൂത്രമൊഴിക്കും. ഇതുവഴി അണുബാധയ്ക്ക് ഇടയാക്കുന്ന അപകടകാരികളായ ബാക്ടീരിയകളെ പുറന്തള്ളാന്‍ സാധിക്കും. ദിവസവും കുറഞ്ഞത് 10 ാസ് വെള്ളമെങ്കിലും കുടിക്കണം. വേനല്‍ക്കാലത്ത് ദീര്‍ഘദൂര യാത്രകള്‍ ചെയ്യുമ്പോഴും വെയിലത്ത് ദീര്‍ഘനേരം നില്‍ക്കേണ്ടിവരുമ്പോഴും വിയര്‍പ്പ് കൂടുതലുള്ളപ്പോഴും ഇടയ്ക്കിടെ വെള്ളം കുടിക്കാന്‍ മറക്കരുത്

.- ലൈംഗിക ബന്ധത്തിനു മുന്‍പും ശേഷവും വള്ളം കുടിക്കുന്നത് മൂത്രത്തില്‍ അണുബാധ ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ശരീരം അസാധാരണമാംവിധം വിയര്‍ക്കുകയും ധാരാളം ജലാംശം വിയര്‍പ്പു വഴി നഷ്ടപ്പെടുകയും ചെയ്യും.

– മൂത്രം ദീര്‍ഘനേരം പിടിച്ചു നിര്‍ത്തരുത്. രണ്ടു മൂന്നു മണിക്കൂറുകള്‍ കൂടുമ്പോള്‍ ഗമൂത്രം ഒഴിക്കുന്നതാണ് ഉചിതം. മൂത്രമൊഴിക്കുമ്പോള്‍ മൂത്രസഞ്ചിയില്‍ നിന്നും മൂത്രം പൂര്‍ണമായും പുറത്തു കളയാന്‍ ശ്രമിക്കുക.

– ലൈംഗിക ബന്ധിത്തിലേര്‍പ്പട്ടതിനു ശേഷം ഉടന്‍ മൂത്രമൊഴിക്കണം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പും ശേഷവും യോനീഭാഗം കഴുകി തുടച്ച് വൃത്തിയാക്കണം. ലൈംഗിക ശുചിത്വമില്ലായ്മ മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകാന്‍ ഒരു പ്രധാന കാരണമാണ്.

– ഓരോ തവണയും മൂത്രമൊഴിച്ചതിനു ശേഷം യോനി വെള്ളമൊഴിച്ച് കഴുകി തുടച്ച് വൃത്തിയാക്കണം. വൃത്തിയാക്കുമ്പോള്‍ മുന്‍പില്‍ നിന്നും പിന്നിലേക്ക് വേണം കഴുകാന്‍. മലദ്വാരത്തില്‍ നിന്നു യോനീഭാഗത്തേക്ക് അണുബാധ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.

– ടോയ്‌ലറ്റില്‍ പോയശേഷം യോനി കഴുകിക്കഴിഞ്ഞ് മാത്രം പിന്‍ഭാഗം കഴുകുക. പിന്‍ഭാഗത്ത് സ്പര്‍ശിച്ച കൈകൊണ്ട് യോനീഭാഗം സ്പര്‍ശിക്കാനിടയായാല്‍ അവിടെ ബാക്ടീരിയകള്‍ വ്യാപിക്കാനിടയാവും.

– ഇറുക്കമുള്ള അടിവസ്ത്രം ഒഴിവാക്കുക. വിയര്‍പ്പ് വലിച്ചെടുക്കുന്നതും വായുസഞ്ചാരം ലഭിക്കുന്നതുമായ കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ധരിക്കുക. അടിവസ്ത്രം കഴുകി വെയിലത്ത് ഉണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കുക. ഒരിക്കല്‍ ധരിച്ച അടിവസ്ത്രം കഴുകി ഉണക്കാതെ വീണ്ടും ഉപയോഗിക്കാന്‍ പാടില്ല

.- യോനീഭാഗത്തെ അമിത രോമവളര്‍ച്ച ഒഴിവാക്കുക. രോമം നീക്കം ചെയ്യാന്‍ അനുയോജ്യമായ മാര്‍ഗം സ്വീകരിക്കുക. ഹെയര്‍ റിമൂവിംഗ് ക്രീമുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കത്രികയോ ഹെയര്‍ ട്രിമ്മറോ ഉപയോഗിച്ച് രോമത്തിന്റെ കട്ടി കുറയ്ക്കുന്നതും നല്ലതാണ്.

– വൃത്തിഹീനമായ ടോയ്‌ലറ്റുകള്‍ മൂത്രത്തില്‍ പഴുപ്പിന് കാരണമാകാം. പ്രത്യേകിച്ച് യൂറോപ്യന്‍ ക്ളോസറ്റ്. അതിനാല്‍ പൊതു ടോയ്‌ലറ്റുള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.

– മാസമുറയ്ക്ക് തുണിയാണ് ഉപയോഗിക്കുന്നതെങ്കില്‍ വൃത്തിയുള്ളതും ഈര്‍പ്പമില്ലാത്തതുമാകാന്‍ ശ്രദ്ധിക്കുക. 4 – 5 മണിക്കൂറുകള്‍ ഇടവിട്ട് നാപ്കിനുകള്‍ മാറ്റുക.

– മൂത്രത്തില്‍ പഴുപ്പിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം. ആവശ്യമെങ്കില്‍ മരുന്നു കഴിക്കണം. ആന്റിബയോട്ടിക് മരുന്നു നല്‍കിയാല്‍ ഡോക്ടര്‍ നിര്‍ദേശിച്ച ദിവസം വരെ കഴിച്ച് കോഴ്‌സ് പൂര്‍ത്തിയാക്കുക. ലക്ഷണങ്ങള്‍ കുറഞ്ഞാലും കോഴ്‌സ് പാതിയില്‍ അവസാനിപ്പിക്കരുത്.

– മൂത്രത്തില്‍ പഴുപ്പിന്റെ ലക്ഷണങ്ങള്‍ പൂര്‍ണമായും മാറാതെ ലൈംഗികബന്ധത്തിലേര്‍പ്പെടരുത്. അണുബാധയുള്ളപ്പോള്‍ സെക്‌സിലേര്‍പ്പെട്ടാല്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാകും.

– പെണ്‍കുഞ്ഞുങ്ങളിലും മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകാനിടയുണ്ട്. കുട്ടികകളെ നന്നായി വെള്ളം കുടിപ്പിക്കണം. യോനീഭാഗം വൃത്തിയായി സൂക്ഷിക്കണം. കൂടെക്കൂടെ അണുബാധ ഉണ്ടാകുന്നുണ്ടെങ്കില്‍ ഡോക്ടറെ നേരില്‍ കണ്ട് പരിശോധന നടത്തം.