Crime

കാമുകിക്കൊപ്പം താമസിക്കാന്‍ പിഞ്ചുകുഞ്ഞുളെ 15 ാം നിലയില്‍ നിന്നും എറിഞ്ഞു കൊന്നു; ദമ്പതികളെ വധിച്ചു…!!

ന്യൂഡല്‍ഹി: രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ പതിനഞ്ചാം നിലയില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞു കൊന്ന ദമ്പതികള്‍ക്ക് ചൈനയില്‍ വധിച്ചു. 2020 ല്‍ നടന്ന സംഭവത്തില്‍ സാംഗ് ബോ യ്ക്കും അയാളുടെ കാമുകി യീ ചെംഗ്ചനുമാണ് ശിക്ഷ ലഭിച്ചത്. തെക്കുപടിഞ്ഞാറന്‍ ചൈനീസ് നഗരമായ ചോംക്വിംഗിലെ ഒരു റസിഡന്‍ഷ്യല്‍ ടവറില്‍ നിന്നുമായിരുന്നു ഇവര്‍ കുഞ്ഞുങ്ങളെ താഴേയ്ക്കിട്ട് കൊലപ്പെടുത്തിയത്. 2021 ല്‍ ഇരുവര്‍ക്കും വധശിക്ഷ വിധിച്ചിരുന്നെങ്കിലും രണ്ടുവര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ശിക്ഷ നടപ്പാക്കിയത്.

സാംഗ് കുടുംബനാഥനാണെന്നും രണ്ടു കുട്ടികളുടെ പിതാവാണെന്നും അറിയാതെയായിരുന്നു യീ അയാളുമായി അടുത്തതും ബന്ധം സ്ഥാപിച്ചതും. വേര്‍പിരിയാന്‍ കഴിയാത്ത വിധം അടുത്തതോടെ ഇരുവര്‍ക്കും വിവാഹം കഴിക്കുന്നതിനും നല്ല ഭാവിക്കും കുട്ടികള്‍ തടസ്സമായിരിക്കുമെന്ന് പറഞ്ഞ് സാംഗിനോട് അയാളുടെ കുഞ്ഞുങ്ങളെ കൊല്ലാന്‍ യീ പ്രേരിപ്പിക്കുകയായിരുന്നു. രണ്ടുവയസ്സുള്ള മൂത്തകുട്ടിയും ഒരു വയസ്സുള്ള ഇളയകുട്ടിയും ഉറക്കത്തിനിടയില്‍ ജനലിലൂടെ താഴേയ്ക്ക് വീഴുകയായിരുന്നു എന്നും താഴത്തെ നിലയിലുള്ള ആള്‍ക്കാര്‍ ബഹളം വെയ്ക്കുന്നത് കേട്ട് ഉണര്‍ന്ന് താന്‍ താഴെ ചെന്നു നോക്കുമ്പോള്‍ കുട്ടികളുടെ മൃതദേഹം പുല്ലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയെന്നുമാണ് സാംഗ് നേരത്തേ കോടതിയില്‍ നല്‍കിയ മൊഴി.

പെണ്‍കുട്ടി വീഴ്ചയില്‍ തന്നെ മരണപ്പെട്ടപ്പോള്‍ ആണ്‍കുട്ടി പരിക്കിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. കുട്ടികളെ കൈവശം വെയ്ക്കാനുള്ള അവകാശം സാംഗ് താനുമായി പങ്കുവെച്ചിരുന്നതായും പെണ്‍കുട്ടിയെ താനും ആണ്‍കുട്ടിയെ സാംഗുമായിരുന്നു വഹിച്ചിരുന്നതെന്നും എന്നാല്‍ കുട്ടികള്‍ കൊല്ലപ്പെട്ട ദിവസം സാംഗ് പെണ്‍കുട്ടിയെ തന്നില്‍ നിന്നും വാങ്ങിക്കൊണ്ടു പോയതായും കുട്ടികളുടെ മാതാവ് ചെന്‍ മെയ്‌ലിന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികള്‍ മരിക്കുന്ന സമയത്ത് സാംഗ് യീ യുമായി ഫോണില്‍ വീഡിയോ കോളില്‍ ആയിരുന്നു എന്നും യീ തന്റെ കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് സാംഗിനെ ഭയപ്പെടുത്തി. ഫോണ്‍ താഴെയിട്ട് സാംഗ് കുട്ടികളെ രണ്ടുപേരെയും എടുത്ത് ബാല്‍ക്കെണിയില്‍ നിന്നും പുറത്തേക്ക് എറിയുകയായിരുന്നെന്നും ചെന്‍ പറഞ്ഞു.

ആദ്യവിവാഹത്തിന്റെ ബാദ്ധ്യത ഇല്ലാതാക്കാന്‍ യീ യുമായി ചേര്‍ന്ന് കുട്ടികളെ കൊല്ലാന്‍ പദ്ധതിയിട്ടതായി പിന്നീട് സാംഗ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പിന്നീട് തന്റെ ഭര്‍ത്താവ് തന്നോട് കരഞ്ഞുകൊണ്ട് ക്ഷമ ചോദിച്ചതായി ചെന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം യീ കുറ്റങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷകള്‍ നടപ്പാക്കുന്ന രാജ്യങ്ങളില്‍ ഒന്നായ ചൈന തങ്ങള്‍ നടപ്പാക്കിയ വധശിക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമായി വെച്ചിരിക്കുകയാണ്. ചൈനയ്ക്ക് പുറമേ, വടക്കന്‍ കൊറിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും വധശിക്ഷയ്ക്ക് അറിയപ്പെടുന്ന രാജ്യങ്ങളിലാണ്.