Health

ശരീര ദുര്‍ഗന്ധം അകറ്റാന്‍ പരീക്ഷിയ്ക്കാം ഈ പൊടിക്കൈകള്‍

വിയര്‍പ്പിന്റെ ദുര്‍ഗന്ധം നിങ്ങളെ വിഷമിപ്പിക്കാറുണ്ടോ ? എല്ലാവര്‍ക്കും ശരീരത്തിന് ഓരോ ഗന്ധമായിരിക്കും. ഇത് വിയര്‍പ്പുമായി ചേര്‍ന്ന് ദുര്‍ഗന്ധമായി മാറുന്നു. ശരീരദുര്‍ഗന്ധം മാറാന്‍ സ്പ്രേയും മറ്റും ഉപയോഗിക്കുന്നത് മിക്കപ്പോഴും ദുര്‍ഗന്ധം വര്‍ധിപ്പിക്കുകയാണ് പതിവ്. കൂടാതെ ഇതിന് പലതരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാകാറുണ്ട്. ബോഡി സ്പ്രേകളും ക്രീമുകളും ഉപയോഗിച്ച് മടുത്തവരാണോ നിങ്ങള്‍ ?. എന്നാല്‍ ശരീര ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്ന പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഗ്രീന്‍ ടീ – ഒരു പാത്രത്തില്‍ വെള്ളം എടുത്ത് തിളപ്പിക്കുക, തുടര്‍ന്ന് കുറച്ച് ഗ്രീന്‍ ടീ ഇലകള്‍ ചേര്‍ക്കുക. ഇത് തണുത്തുകഴിഞ്ഞാല്‍, ഒരു കോട്ടണ്‍ പഞ്ഞി ഈ മിശ്രിതത്തില്‍ മുക്കി നിങ്ങളുടെ വിയര്‍പ്പ് ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പുരട്ടുക. ശരീര ദുര്‍ഗന്ധം അകറ്റാന്‍ ഈ വിദ്യ സഹായിക്കും. ഈ പൊടിക്കൈ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മാത്രം ഉപയോഗിക്കാം.

തക്കാളി – അപ്പോള്‍ പിഴിഞ്ഞെടുത്ത തക്കാളി നീര് കുളിക്കാനുള്ള വെള്ളത്തില്‍ കലര്‍ത്തുക. ഇത് ഉപയോഗിച്ച് കുളിക്കുക അല്ലെങ്കില്‍ 20-30 മിനിറ്റ് അതില്‍ കൈകാലുകള്‍ മുക്കിവയ്ക്കുക. ഇതിലെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കും.

വിനാഗിരി – ഒരു കോട്ടണ്‍ പഞ്ഞി എടുത്ത് വിയര്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അല്‍പം വിനാഗിരി (സാധാരണ വിനാഗിരി, ആപ്പിള്‍ സിഡര്‍ വിനാഗിരി തുടങ്ങിയ രണ്ടു തരം വിനാഗിരികളും പ്രവര്‍ത്തിക്കുന്നു) പുരട്ടുക. വിനാഗിരി അല്പം വെള്ളത്തില്‍ ലയിപ്പിച്ച ശേഷം ചര്‍മ്മത്തില്‍ ഉപയോഗിക്കാം. നേരിട്ട് പുരട്ടുന്നത് ചര്‍മ്മത്തില്‍ പൊള്ളലേല്‍ക്കാന്‍ കാരണമായേക്കാം. വിനാഗിരി ചര്‍മ്മത്തിന്റെ പിഎച്ച് സന്തുലിതമാക്കാനും ദുര്‍ഗന്ധം ഉണ്ടാക്കുന്ന എല്ലാ ബാക്ടീരിയകളെയും നശിപ്പിക്കാനും സഹായിക്കുന്നു.

നാരങ്ങ – വിനാഗിരി പോലെ, നാരങ്ങയും ചര്‍മ്മത്തിന്റെ പിഎച്ച് സന്തുലിതമാക്കാന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. നാരങ്ങ രണ്ടായി മുറിച്ച് കക്ഷത്തില്‍ കുറയ്ക്കാം. ഇത് കൂടാതെ കക്ഷത്തില്‍ പുരട്ടാന്‍ ഒരു പേസ്റ്റ് തയ്യാറാക്കാം. ഇതിനായി 2 ടേബിള്‍ സ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ചും നാരങ്ങാനീരും ചേര്‍ക്കാം. ഇത് കക്ഷത്തില്‍ പുരട്ടി 10 മിനിറ്റിനു ശേഷം വൃത്തിയായി കഴുകുക.