Sports

രണ്ടാം പന്തില്‍ നായകന്‍ രോഹിത് ശര്‍മ്മ പൂജ്യത്തിന് പുറത്ത് ; ശിവം ദുബേയുടെ അര്‍ദ്ധശതകത്തില്‍ ഇന്ത്യയ്ക്ക് ജയം

നേരിട്ട രണ്ടാം പന്തില്‍ റണ്ണൗട്ടായി രോഹിത്ശര്‍മ്മ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ശിവംദുബേയുടെ അര്‍ദ്ധശതകത്തില്‍ പിടിച്ചുകയറിയ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരേ ആദ്യ ടി20 മത്സരത്തില്‍ ഉജ്വല ജയം നേടി. 15 പന്തുകള്‍ ബാക്കി നില്‍ക്കേ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

ശിവം ദുബേ 40 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളുമായി 60 റണ്‍സ് എടുത്തു. കരിയറിലെ രണ്ടാം അര്‍ദ്ധശതകമാണ് ദുബേ കുറിച്ചത്. ഒപ്പം നിന്ന് തകര്‍ത്തടിച്ച് റിങ്കുസിംഗ് ഒമ്പത് പന്തുകളില്‍ 16 റണ്‍സ് നേടി. ജിതേഷ് ശര്‍മ്മ 20 പന്തുകളില്‍ 31 റണ്‍സ് എടുത്തു ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായ സംഭാവന നല്‍കി. തിലക്‌വര്‍മ്മ 22 പന്തുകളില്‍ 26 റണ്‍സും ശുഭ്മാന്‍ ഗില്‍ 12 പന്തുകളില്‍ 23 റണ്‍സും എടുത്തു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ 158 ന് ഇന്ത്യ എറിഞ്ഞിട്ടു.

മറുപടി ബാറ്റിംഗില്‍ രണ്ടാം പന്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പൂജ്യത്തിന് റണ്ണൗട്ടായി പുറത്തായി. ഒരു പന്ത് തട്ടിയിട്ട ശേഷം ഇന്ത്യന്‍ നായകന്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടിയെത്തിയെങ്കിലും ശുഭ്മാന്‍ ഗില്‍ പ്രതികരിച്ചില്ല. ഇതോടെ കരിയറിലെ 149 ടി20 മത്സരം കളിച്ച ഇന്ത്യന്‍ നായകന്‍ പൂജ്യത്തിന് പുറത്തായി. പിന്നാലെ ഗില്ലിനെ മുജീബുര്‍ റഹ്മാന്റെ പന്തില്‍ അഫ്ഗാന്‍ കീപ്പര്‍ സ്റ്റംപും ചെയ്തു. അഫ്ഗാന്റെ ബാറ്റിംഗില്‍ 27 പന്തില്‍ 42 റണ്‍സ് എടുത്ത നബിയാണ് തിളങ്ങിയത്.