Healthy Food

മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാ​ക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിയാമോ ?

കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ ഏറ്റവും കൂടുതല്‍ കരുതല്‍ വേണ്ടത് അമ്മമാര്‍ക്കാണ്. കുറഞ്ഞത് ആദ്യ ആറുമാസമെങ്കിലും നവജാത ശിശുവിനെ മുലയൂട്ടണം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷകങ്ങള്‍ മുലപ്പാലിലുണ്ട്. കുഞ്ഞിനെ മുലയൂട്ടുന്ന അമ്മ സമീകൃത ഭക്ഷണം കഴിച്ചിരിക്കണം. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പാലും ഉള്‍പ്പെടുത്തണം. അമ്മ കഴിക്കുന്ന ഭക്ഷണമാണ് കുട്ടികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നത്. മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം….

ഹെര്‍ബല്‍ സപ്ലിമെന്റ് – ഹെര്‍ബല്‍ സപ്ലിമെന്റുകള്‍ അമ്മയ്ക്കും കുഞ്ഞിനും ദോഷകരമായി ബാധിക്കും. അതുകൊണ്ട് മുലയൂട്ടുന്ന അമ്മമാര്‍ ഹെര്‍ബല്‍ സപ്ലിമെന്റുകള്‍ ഒഴിവാക്കണം.

കടല്‍വിഭവങ്ങള്‍ – മെര്‍ക്കുറി കൂടുതല്‍ അടങ്ങിയ കടല്‍വിഭവങ്ങള്‍ കുട്ടികളിലെ വളര്‍ച്ചയും വികാസവും സാവധാനത്തിലാക്കും. കൂടിയ അളവില്‍ മെര്‍ക്കുറി ചെല്ലുന്നത് കുഞ്ഞുങ്ങളിലെ നാഡീവ്യവസ്ഥയെ ബാധിക്കും. കൂടിയ അളവില്‍ കടല്‍വിഭവങ്ങള്‍ കഴിക്കാതിരിക്കാന്‍ മുലയൂട്ടുന്ന അമ്മമാര്‍ ശ്രദ്ധിക്കണം.

മദ്യം – മുലയൂട്ടുന്ന അമ്മമാര്‍ മദ്യം ഒഴിവാക്കണം. മുലപ്പാലില്‍ മദ്യത്തിന്റെ അംശം കാണും. അമ്മ മദ്യം കഴിച്ചാല്‍ കുഞ്ഞിലേക്ക് മുലപ്പാല്‍ വഴി മദ്യം എത്തുകയും ഇത് കുഞ്ഞിന് ദോഷം ചെയ്യുകയും ചെയ്യും.

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ – പ്രോസസ് ചെയ്ത ഭക്ഷണങ്ങളില്‍ കൂടിയ അളവില്‍ പഞ്ചസാര, എണ്ണ, കൊഴുപ്പുകള്‍ മറ്റ് അനാരോഗ്യകരമായ ചേരുവകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കുഞ്ഞിന് അനാരോഗ്യകരമാണ്. മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തെ ഇത് ബാധിക്കുകയും ചെയ്യും.

കാപ്പി – കാപ്പിയും മറ്റ് കഫീന്‍ അടങ്ങിയ പാനീയങ്ങളും മുലപ്പാലില്‍ കലര്‍ന്ന് കുഞ്ഞിന്റെ ഉറക്കരീതിയെ ബാധിക്കും. കുഞ്ഞിന്റെ ശരീരത്തില്‍ കഫീന്‍ അധികം ചെന്നാല്‍ അത് അസ്വസ്ഥത ഉണ്ടാക്കും. അതുകൊണ്ട് മുലയൂട്ടുന്ന അമ്മമാര്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കുകയോ വളരെ ചെറിയ അളവ് മാത്രം കുടിക്കുകയോ ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്.