Oddly News

വായില്‍വെച്ച് പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചാല്‍ എന്തു പറ്റും? സണ്ടര്‍ലാന്റിലെ റൈസിന് കിട്ടിയത് ഉഗ്രന്‍ പുതുവത്സര സമ്മാനം

വായില്‍വെച്ച് പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചാല്‍ എന്തു സംഭവിക്കും? അറിയണമെങ്കില്‍ യുകെയിലെ സണ്ടര്‍ലാന്റിലെ ഈ യുവാവിന്റെ ചെയ്തിക്കള്‍ നോക്കിയാല്‍ മതി. റൈസ് എന്ന് മാത്രം തിരിച്ചറിഞ്ഞ ആള്‍, പുതുവത്സരാഘോഷത്തിനിടെ സണ്ടര്‍ലാന്‍ഡ്, ടൈന്‍ ആന്‍ഡ് വെയര്‍ എന്നിവിടങ്ങളില്‍ അപകടകരമായ പ്രവൃത്തിക്ക് ശ്രമിച്ചതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

അര്‍ദ്ധരാത്രിയില്‍ ചിത്രീകരിച്ചതായി കരുതപ്പെടുന്ന ഈ ഞെട്ടിക്കുന്ന വീഡിയോ, യുവാവ് പല്ലുകള്‍ക്കിടയില്‍ പടക്കം കടിച്ചുപിടിച്ച് തീ കൊളുത്തുന്നതാണ്. അണ്ടര്‍ ആര്‍മര്‍ ഷോര്‍ട്സും പഫര്‍ ജാക്കറ്റും ധരിച്ച റൈസ് ക്യാമറയ്ക്ക് മുന്നില്‍ നിന്നു. അവന്റെ സുഹൃത്തുക്കള്‍ ആഹ്ലാദിക്കുന്നത് പശ്ചാത്തലത്തില്‍ കേള്‍ക്കാം. ക്ലിപ്പില്‍ പിന്നീട് ഒരു സുഹൃത്ത് പടക്കറോക്കറ്റിന്റെ തിരി കത്തിക്കുന്നു.

പടക്കറോക്കറ്റ് പൊങ്ങാന്‍ തുടങ്ങുമ്പോള്‍ റൈസിന്റെ മുഖത്തേക്ക് ഓറഞ്ച് നിറത്തിലെ ഒുര വലിയ അഗ്നിഗോളം പടരുന്നത് കാണാം. തുടര്‍ന്ന് റൈസും കൂട്ടുകാരും ഞെട്ടി ദൂരേക്ക് നീങ്ങുമ്പോള്‍ പടക്കങ്ങള്‍ നിലത്തേക്ക് വലിച്ചെറിയുന്നു. റോക്കറ്റ് നിലത്ത് പൊട്ടിത്തെറിച്ചോ ഇല്ലയോ എന്നറിയുന്നതിന് മുമ്പ് വീഡിയോ അവസാനിക്കുന്നുണ്ട്.

‘എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍! വായില്‍ നിന്ന് ഒരു പടക്കം പൊട്ടിക്കാന്‍ ശ്രമിച്ച മണ്ടനാണ് ഞാന്‍’ എന്ന അടിക്കുറിപ്പോടെ റൈസ് തന്നെയാണ് പുതുവത്സര ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചത്. അപകടകരമായ സ്റ്റണ്ടിന്റെ വീഡിയോയ്ക്ക് കീഴെ ഉപയോക്താക്കളില്‍ നിന്ന് വന്‍ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. ക്ലിപ്പ് 1,200-ലധികം ലൈക്കുകളും 80 കമന്റുകളും നേടി.